അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ട്രംപിനെതിരെ ആഞ്ഞടിച്ച് മിഷേൽ ഒബാമ രംഗത്ത്. സാധാരണ രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറിയിരുന്ന മിഷേലിൻ്റെ അഭിപ്രായ പ്രകടനം ഞെട്ടിക്കുന്നതാണ്.
മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണെന്നും രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നും മിഷേൽ ഒബാമ പറഞ്ഞു. യുഎസ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ട്രംപിനെതിരെ മിഷേലിന്റെ പ്രസ്താവന.
“എന്തെങ്കിലും നേതൃത്വത്തിനോ ആശ്വാസത്തിനോ വേണ്ടി വൈറ്റഹൗസിലേക്ക് നോക്കുമ്പോഴെല്ലാം നമുക്ക് ലഭിക്കുന്നത് അരാജകത്വം, വിഭജനം, സഹാനുഭൂതിയില്ലായ്മ എന്നിവയാണ്,” ട്രംപ് ഭരണകൂടത്തിനെതിരായ കടുത്ത വാക്കുകൾ മിഷേലിൽ നിന്നും പുറത്ത് വന്നു.
രാജ്യത്തിന്റെ പൊതുനന്മയെ കരുതി നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മിഷേല്‍ വ്യക്തമാക്കി.
ഒരു മഹമാരി ഉണ്ടായാല്‍, ദുരന്തം ഉണ്ടായാല്‍ അതിനെ എല്ലാം എങ്ങനെ തരണം ചെയ്യണമെന്നും രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കണമെന്നും ബൈഡന് നല്ല ധാരണയുണ്ടെന്നു മിഷേല്‍ പറഞ്ഞു.
സത്യം പറയുകയും സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസിഡന്റായിരിക്കും ബൈഡന്‍. നല്ല വിശ്വാസങ്ങളാണ് ബൈഡനെ മുന്നോട്ട് നയിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ എങ്ങനെ രക്ഷിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും അവര്‍ പറഞ്ഞു.
