മനുഷ്യരാശി മാഹമാരിയോട് പോരടിക്കുമ്പോൾ മനുഷ്യത്വത്തിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും ആൾരൂപമായി നിരവധിപേരാണ് ഉയർന്നുവരുന്നത്. കൊവിഡിനെതിരെ മുന്നിൽ നിന്നു പൊരുതാൻ തയ്യാറായ ഒരു ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
ആറ് മാസത്തെ പ്രസവാവധി റദ്ദാക്കി ഒരു മാസം പ്രായമായ കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ച ആന്ധ്രയിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കോവിഡിനെതിരായ പോരാട്ടത്തിൽ സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് മുൻ നിരയിൽ നിന്ന് പ്രചോദനമേകുന്ന ഉദ്യോഗസ്ഥയായ ശ്രിജന ഗുമ്മല്ലയെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ (ജി.വി.എം.സി) കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചത്. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ശ്രിജന.
കൈക്കുഞ്ഞുമായി ഓഫീസിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ശ്രിജനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ‘ഐഎഎസ് അസോസിയേഷനിലെ ഒരു അസാധാരണ തൂവൽ’ എന്ന വിശേഷണത്തോടെ ചിഗുരു പ്രശാന്ത് കുമാർ എന്നയാളാണ് ശ്രിജനയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ‘‘കമ്മിഷണർ പ്രസവാവധി റദ്ദാക്കി ഒരുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ജോലിയിൽ വീണ്ടും പ്രവേശിച്ചിരിക്കുന്നു, കോറോണ പോരാളികൾക്കെല്ലാം തീർച്ചയായും ഇത് പ്രചോദനം നൽകുന്നു’’ -പ്രശാന്ത് ട്വീറ്റിൽ പറയുന്നു.
