ജഡ്ജിമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് ‘ഉചിതമായ’ മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ച് സുപ്രീം കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്രയാണ് ഉത്തരവിട്ടത്.
പ്രശാന്ത് ഭൂഷണ് തൻ്റെ പ്രസ്താവനയെക്കുറിച്ച് ചിന്തിക്കാൻ സുപ്രീം കോടതി വീണ്ടും മുപ്പത് മിനിട്ട് സമയം അനുവദിച്ചു. ഇതിനിടെ പ്രശാന്ത് ഭൂഷണെ മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ഭാവിയില്‍ ഇത്തം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കണമെന്നാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.
‘ഞങ്ങള്‍ പ്രതീക്ഷിച്ചത് മറ്റൊരു പ്രസ്താവനയാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളോട് പറയൂ.’ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ജസ്റ്റിസ് മിശ്ര ആരാഞ്ഞു. അപ്പോഴാണ് പ്രശാന്ത് ഭൂഷണെ ശിക്ഷിക്കണം എന്നുളളത് അനിവാര്യമല്ലെന്ന് എ.ജി. അഭിപ്രായപ്പെട്ടത്.
‘ജനാധിപത്യം നടപ്പാക്കുന്നതില്‍ സുപ്രീം കോടതി പരാജയപ്പെട്ടതിനെ കുറിച്ച് മുന്‍ ജഡ്ജുമാര്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചുളള മുന്‍ സുപ്രീം കോടതി ജഡ്ജുമാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ മുഴുവന്‍ പട്ടികയും എന്റെ പക്കലുണ്ട്. അവര്‍ നീതിനിര്‍വഹണം മെച്ചപ്പെടുത്താനാണ് ആഗ്രഹിച്ചത്. ഈ കേസില്‍ കോടതി പ്രശാന്ത് ഭൂഷണ് മാപ്പുനല്‍കുകയോ, മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കുകയോ ആണ് വേണ്ടത്. അദ്ദേഹത്തെ ശിക്ഷിക്കണമെന്നുളളത് അനിവാര്യമല്ല.’ – എജി പറഞ്ഞു.
എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പ്രശാന്ത് ഭൂഷണ്‍ കരുതുന്നതെങ്കില്‍ പിന്നെന്ത് ചെയ്യാന്‍ കഴിയുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഇത് കോടതി അനുഭാവപൂര്‍വം പരിഗണിക്കേണ്ട കേസാണെന്നും അപ്രകാരം ചെയ്യുന്നതിലൂടെ കോടതിയുടെ അന്തസ്സ് വര്‍ധിക്കുമെന്നുമാണ് എ.ജി. മറുപടി നല്‍കിയത്. ‘ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന നിരവധി പൊതുതാല്പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുളള വ്യക്തിയാണ് പ്രശാന്ത് ഭൂഷണ്‍. കോടതി അദ്ദേഹത്തിന്റെ പൊതുജനസേവനം കണക്കിലെടുക്കണം.’ എജി പറഞ്ഞു.
