പ്രശാന്ത് ഭൂഷണിൽ നിന്ന് അരുൺ മിശ്ര പഠിക്കാനുണ്ട് :സുപ്രീം കോടതിയ്ക്ക് പുനർചിന്ത അനിവാര്യം

ഇന്ത്യയുടെ പരമോന്നതെ നീതി പീഠത്തിനുമേൽ കാവിക്കൊടി പാറുകയാണ് .സത്യത്തിനും ധർമ്മത്തിനും നേരേ നീതി ദേവത കണ്ണടയ്ക്കുന്നു . വർത്തമാന ഇന്ത്യയിൽ ഇതൊക്കെ സാധൂകരിക്കാൻ നമുക്ക് മുന്നിൽ ഉദാഹരങ്ങളേറെയാണ് .നീതി നിഷേധത്തിന്റെ ഏറ്റവുമൊടുവിലത്തെ ഇരയാണ് പ്രശാന്ത് ഭൂഷൺ . സത്യം ..നീതി എന്നിവയൊക്കെ മുറുകെപിടിച്ചതിന്റെപേരിൽ ക്രൂശിക്കപ്പെടുന്ന അടുത്ത ആൾ …ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ഖാപ് പഞ്ചായത്തില്‍ രണ്ടു ദിവസം നീട്ടിക്കൊടുത്താല്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പ് പറയുമെന്ന് അവര്‍ കരുതിയെങ്കില്‍ അത് ഭൂഷണെ മാത്രമല്ല, ഭൂഷണ്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും മനസിലാക്കാനുള്ള അവരുടെ ശേഷിക്കുറവാണ്.

ഭൂഷന്റെ ഓഫീസിൽ പണമില്ല എന്നതിന്റെ പേരില്‍ ന്യായമായ ഒരു ഹര്‍ജിയും അവിടെ സ്വീകരിക്കാതിരുന്നിട്ടില്ല. പണമുണ്ട് എന്നതിന്റെ പേരില്‍ ഒരു അധാര്‍മിക ആവശ്യത്തിന് വേണ്ടിയും അവിടെ നിന്നും ഹര്‍ജികള്‍ പോകാറില്ല.പണത്തിനു മീതെ പരുന്തും പറക്കാത്ത ഇന്നത്തെ ഇന്ത്യയിൽ യാതൊരു പ്രലോഭങ്ങൾക്കും അടിമപ്പെടാതെ സത്യത്തിനുവേണ്ടി  മാത്രം നിലകൊള്ളുന്ന ഭൂഷണെ മിശ്ര ഉൾപ്പെടെയുള്ളവർക്ക് മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ ,സുപ്രീം കോടതി അതിന്റെ നിലവാരം ഒന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു .വിരമിച്ചതിനു ശേഷം സര്‍ക്കാര്‍ ഭരണകക്ഷി നല്‍കിയ സ്ഥാനമാനങ്ങള്‍ നടുവളഞ്ഞു സ്വീകരിച്ച ജസ്റ്റിസുമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.ജസ്റ്റിസ് അരുണ്‍ മിശ്ര നീതിമാനാണ്! അതുകൊണ്ട് അദ്ദേഹത്തിന്റെ മകളുടെ കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യുന്ന ചടങ്ങിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നു ,അമിത് ഷാ വന്നു ,കേന്ദ്ര മന്ത്രിമാർ വന്നു, സായുധ സേനാ മേധാവി  വന്നു …എന്തിനേറെപ്പറയുന്നു രാഷ്‌ട്രപതി വരെ വന്നു .

ജസ്റ്റിസ് മിശ്രയാകട്ടെ നീതി നടത്തിപ്പില്‍ അസാരം കണിശക്കാരനാണ്. അതുകൊണ്ട് 2019-നു ശേഷം ഇതുവരെയായി അദാനി ഗ്രൂപ്പ് ഉള്‍പ്പെടുന്ന ആറ് കേസുകളില്‍ ടിയാന്‍ അദാനിക്കനുകൂലമായി വിധി പറഞ്ഞുകഴിഞ്ഞു. വിരമിക്കാന്‍ ഒരു മാസം കഷ്ടിയുള്ളപ്പോള്‍ ഏഴാമത്തേതിലും വിധി പറയാന്‍ കച്ചകെട്ടിയിരിക്കുകയാണ് നീതിദേവന്‍. അതില്‍ത്തന്നെ ചില കേസുകള്‍ അവധിക്കാല ബഞ്ചില്‍ നിന്ന് തന്റെ ബഞ്ചിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി അദാനിക്കനുകൂലമായി തീര്‍പ്പാക്കിക്കൊടുത്തു . 2002-ലെ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് അന്വേഷിക്കണമെന്നും കലാപത്തിന് ഒത്താശ ചെയ്ത മോദിയുടെ നിര്‍ദ്ദേശങ്ങള്‍ താനടക്കമുള്ള ഒരു യോഗത്തിലാണ് വന്നതെന്നും കാണിച്ച് സഞ്ജീവ് ഭട്ട് IPS നല്‍കിയ ഹര്‍ജി തള്ളിയതും  ഇതേ കണിശക്കാരൻ  മിശ്ര തന്നെയാണ് .

മിശ്രയുടെ ബെഞ്ചിലേക്ക് ചില പ്രത്യേക തരം കേസുകള്‍ വരുമ്പോൾ  രാഷ്ട്രീയ പ്രാധാന്യമുള്ളവ list ചെയ്യുന്നതില്‍ ചില ക്രമക്കേടുകളും വഴിവിട്ട താത്പര്യവും നടക്കുന്നുണ്ട് എന്നാരോപിച്ചുകൊണ്ട് അന്നത്തെ മുതിര്‍ന്ന നാല് ന്യായാധിപര്‍ പത്രസമ്മേളനം നടത്തിയതും  അതിലുള്‍പ്പെട്ട രഞ്ജന്‍ ഗോഗോയ് ലൈംഗിക പീഡനക്കേസില്‍ നിന്നും മറ്റു ചില കുഴപ്പങ്ങളില്‍ നിന്നും ഊരിക്കിട്ടാന്‍ അമിത്ഷായുടെ അടിമയായതും  വേറെ ചരിത്രം.

ജസ്റ്റിസ് മിശ്രയുടെ നീതിസങ്കല്‍പ്പത്തിന് പ്രശാന്ത് ഭൂഷണെ പിടികിട്ടാത്തതില്‍ അതുഭുതമില്ല. അത് രണ്ടു ലോകങ്ങളാണ്.രാഷ്ട്രീയബോധത്തിന്റെ കണ്ണാടിയാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിക്ക് നേരെ പിടിച്ചിരിക്കുന്നത്. സ്വന്തം മുഖം കാണാനുള്ള ഉള്‍പ്പേടി കൊണ്ടാണ് കോടതി ആ കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത്.

Vinkmag ad

Read Previous

ഒരു കേന്ദ്രമന്ത്രിയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കേന്ദ്ര ജലശക്തിവകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ആശുപത്രിയിൽ

Read Next

രാജ്യത്ത് കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 69,878 പേര്‍ക്ക് വൈറസ് ബാധ

Leave a Reply

Most Popular