രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നാളുകളായി ഉയർന്നുകേൾക്കുന്ന പേരാണ് പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിലാണ് പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തിലെത്താന്‍ സഹായിച്ചതും മോദി തരംഗം എന്ന പദത്തിൻ്റെ സൃഷ്ടാവും ഒക്കെയാണ് പ്രശാന്ത്.
എന്നാൽ ഇക്കഴിഞ്ഞ ഡൽഹി തെരഞ്ഞെടുപ്പിൽ കേജ്രിവാളിനൊപ്പമായിരുന്നു പ്രശാന്ത് കിഷോർ നിലകൊണ്ടത്. മോദി-അമിത് ഷാ ബന്ധത്തിന് പുറത്ത് ബിജെപി ഘടകകക്ഷിയായ ബീഹാരിലെ ജെഡിയുവിൽ അംഗത്വമെടുത്ത് പ്രവർത്തിച്ചുവരികയായിരുന്നു പ്രശാന്ത് കിഷോർ. എന്നാൽ പൌരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു.
സിഎഎക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രശാന്ത് കിഷോർ ഒരു ഘട്ടത്തിൽ ജെഡിയുവിനെ ബിജെപിക്ക് എതിരാക്കുകകൂടി ചെയ്തു. എന്നാൽ അവസാനം ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളാണ് ദില്ലിയില്‍ അധികാരം നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയെ സഹായിച്ചത്. ബിജെപി അടക്കമുളള രാഷ്ട്രീയ എതിരാളികളുമായുളള ഏറ്റുമുട്ടലിലേക്ക് കടക്കാതെ വികസന നേട്ടങ്ങളില്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനായിരുന്നു പ്രശാന്ത് കിഷോര്‍ കെജ്രിവാളിനോട് നിര്‍ദേശിച്ചത്. ബിജെപിയുടെ പ്രകോപനങ്ങളില്‍ വീഴാതെ വികസന അജണ്ടയിലൂടെ കെജ്രിവാള്‍ ദില്ലിയില്‍ ഹാട്രിക് അടിക്കുകയും ചെയ്തു.
ദില്ലി തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ദേശീയ പാര്‍ട്ടിയായി വളരാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടിയും പ്രശാന്ത് കിഷോറിനെ നോട്ടമിട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശാന്ത് കിഷോർ ആപ്പിന് കൈ കൊടുത്താൽ അത് ബിജെപിക്കും കോൺഗ്രസിനും ഒരു പോലെ വെല്ലുവിളിയാകും.
യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളും വികസനവും ഉയര്‍ത്തിയാണ് പ്രശാന്ത് കിഷോറിന്റെ പ്രചാരണ പരിപാടി. നിതീഷ് കുമാറിനെതിരെ തുറന്ന യുദ്ധ പ്രഖ്യാപനം നടത്തിയെങ്കിലും പ്രതിപക്ഷത്തുളള ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കാനില്ലെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയത് പുതിയ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
ആര്‍എല്‍എസ്പി അധ്യക്ഷന്‍ ഉപേന്ദ്ര ഖുശ്വാഹ, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതിന്‍ റാം മാഞ്ചി, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി അടക്കമുളള നേതാക്കളുമായാണ് പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയത്. ബീഹാറില്‍ ജെഡിയു- ബിജെപി സഖ്യത്തിന് എതിരെ പ്രതിപക്ഷ സഖ്യത്തെ അണി നിരത്തുക എന്നതാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്.
അതിനിടെ ആം ആദ്മി പാര്‍ട്ടിയിലേക്ക് പ്രശാന്ത് കിഷോര്‍ ചുവട് മാറ്റിയേക്കും എന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദില്ലിയില്‍ കൂറ്റന്‍ വിജയം നേടിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനം രാജ്യവ്യാപകമായി ശക്തിപ്പെടുത്താനുളള നീക്കത്തിലാണ്. ഒരു മാസത്തിനുളളില്‍ ഒരു കോടി ആളുകളിലേക്ക് പാര്‍ട്ടിയെ എത്തിക്കാനാണ് ആപ്പിന്റെ പദ്ധതി.
