പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുന്നു; ഒരു രാത്രികൊണ്ട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷത്തോളം പേര്‍

കോവിഡ് ഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ പ്രവാസികള്‍ നാട്ടിലേക്കെത്തുമെന്ന് സൂചനകള്‍. കഴിഞ്ഞ ദിവസം നോര്‍ക്കയുടെ നേൃത്വത്തില്‍ ആരംഭിച്ച രജിസ്‌ട്രേഷനില്‍ ഇന്ന് രാവിലെ വരെ ഒന്നരലക്ഷത്തിനടുത്ത് പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് ഭീതിയില്‍ നിന്ന് കരകയറിയാലും ലക്ഷകണക്കിന് പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തിന് താങ്ങാവുന്നതിനപ്പുറമായിരിക്കും. സംസ്ഥാനത്തെ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലേക്കും തൊഴിലില്ലായ്മയിലേക്കും നയിക്കും. ഇത് മറികടക്കാനുള്ള അടിയന്തിരമായ നടപടികളാണ് സര്‍ക്കാരിന് വെല്ലുവിളിയാവുക.ഒന്നര ലക്ഷത്തോളം ആളുകള്‍ മടങ്ങിയെത്തുമെന്നായിരുന്നു കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നന്നത്. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് നോര്‍ക്കയിലെ രജിസ്ട്രേഷന്റെ ആദ്യ ദിവത്തെ കണക്ക് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ തിരിച്ചു കൊണ്ടു വരലും, വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ വിദേശത്തേക്ക് മടക്കി കൊണ്ടു പോകുന്നതുമായിരുന്നു പ്രധാന ചര്‍ച്ച. പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് കേന്ദ്രം അനുകൂല നിലപാടിലേക്ക് എത്തിയതോടെ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് മടങ്ങി വരാന്‍ താത്പര്യപ്പെടുന്നവരുടെ രജിസട്രേഷന്‍ തുടങ്ങുകയായിരുന്നു.

ഒരുലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചത്. എന്നാല്‍ നോര്‍ക്ക വെബ്സൈറ്റില്‍ രജിസട്രേഷന്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ ഒന്നരലക്ഷത്തോളം പേര്‍ മടങ്ങി വരാന്‍ താത്പര്യമറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തതോടെ പ്രവാസികളുടെ വന്‍തോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യം വഹിക്കുക എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നായിരുന്നു നോര്‍ക്ക അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഏറെ വൈകിയാണ് രജിസ്ട്രേഷന്‍ തുടങ്ങിയത്. തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്ട്രേഷന്‍ നടത്തുന്നത്.

Vinkmag ad

Read Previous

മാലിന്യ വിമുക്തമായി; ഹുബ്ലി നദിയില്‍ ഡോള്‍ഫിന്‍ തിരിച്ചെത്തി

Read Next

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ യുദ്ധകപ്പലുകളും തയ്യാര്‍

Leave a Reply

Most Popular