കോവിഡ് 19 മൂലം പ്രതിസന്ധിയിലകപ്പെട്ട് മടങ്ങാന്‍ ശ്രമിക്കുന്ന പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവണമെന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം സമര ഭവനങ്ങളൊരുക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. ഇന്ന് വൈകിട്ട് അഞ്ചിന് അവരവരുടെ വീടുകളാണ് സമര വേദിയാകുന്നത്. കുടുംബാംഗങ്ങളെല്ലാം ‘ബ്രിംഗ് ഹോം എക്സ്പാട്രിയേറ്റ്സ്’ എന്ന ബോര്‍ഡുയര്‍ത്തി സമരത്തില്‍ പങ്കാളികളാകും.
വിസാ കാലവധി കഴിഞ്ഞവരും തൊഴിലില്ലാത്തവരും പൊതുമാപ്പ് ലഭിച്ചവരും പല കാരണങ്ങളാല്‍ ചികിത്സ ആവശ്യമുള്ളവരുമടക്കം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കാന്‍ തയാറകണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ഈ സമീപനം തിരുത്തി പ്രവാസികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന കേരള സമൂഹത്തിന്റെ ആവശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ ശക്തമായി ഉന്നയിക്കുകയാണ് സമരത്തിന്റെ ലക്ഷ്യം. യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികളെ മടക്കി കൊണ്ടുപോകണം എന്നാവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു അനുകൂല പ്രതികരണവും നടത്താതെ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുകയാണ്.
കൃത്യമായ ഭക്ഷണമോ സാമൂഹ്യ അകലം പാലിക്കാനാവശ്യമായ സൗകര്യങ്ങളോ ഇല്ലാതെ പതിനായിരക്കണക്കിന് പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരോട് കാട്ടുന്ന കടുത്ത അവഗണനയും അനീതിയും കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. ഇന്നത്തെ കേരളത്തെ നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച പ്രവാസികളുടെ സുരക്ഷക്കും അവകാശ സംരക്ഷണത്തിനും വേണ്ടി കേരളത്തിലെ എല്ലാ ജനങ്ങളും അവരവരുടെ വീടുകളില്‍ സാമൂഹ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സമരഭവനം സഘടിപ്പിക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു
