കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി യുഎഇ. പൗരന്‍മാരെ തിരികെ വിളിക്കാത്തപക്ഷം കര്‍ശന നടപടിയുണ്ടാകും.
പൗരന്മാരെ തിരികെ സ്വീകരിക്കാൻ വിസ്സമ്മതിക്കുന്ന രാജ്യങ്ങളുമായുള്ള സഹകരണവും തൊഴിൽപരമായ ബന്ധങ്ങളും പുനഃക്രമീകരിക്കാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ സർക്കാരിന്റെ മനുഷ്യവിഭവ, എമിറടൈസേഷൻ വകുപ്പാണ് ഇക്കാര്യം സംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളാൻ ഒരുങ്ങുന്നതെന്ന് രാജ്യത്തെ പ്രധാന മാദ്ധ്യമങ്ങളായ ഗൾഫ് ന്യൂസും ഖലീജ് ടൈംസും റിപ്പോർട്ട് ചെയ്യുന്നു.
തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ടയില്‍ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും യുഎഇ മാനവ വിഭവശേഷിസ്വകാര്യവത്കരണ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം ഏതെങ്കിലും രാജ്യത്തിന്റെ പേര് മന്ത്രാലയം എടുത്തു പറഞ്ഞിട്ടില്ല.
ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോയിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യ ഇനിയും പൗരന്മാരെ നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രസക്തമാകുന്നത്.
വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ സാധ്യമായില്ല. നാട്ടിലേക്ക് പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യുഎഇ.നല്‍കുന്നുണ്ട്.
എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയിലെത്തിക്കാന്‍ തയ്യാറാണെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാഡര്‍ വ്യക്തമാക്കിയിരുന്നു. ഷെഡ്യൂള്‍ഡ് വിമാനസര്‍വീസുകളെ കുറിച്ച് മേയ് മാസത്തില്‍ ആലോചിക്കാം എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അങ്ങനെയെങ്കിൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും.
