പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ച് സോഷ്യല്‍ മീഡിയ പ്രചരണം; നിലമ്പൂരില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി പ്രവാചകന്‍ മുഹമ്മദിനൈതിരെ പ്രചരണം നടത്തി മതവിദ്വേഷം പ്രചരിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നിലമ്പൂര്‍ പൂക്കോട്ടുംപാടം കാലായി ബേബി, വീട്ടിക്കുത്ത് സ്വദേശി കൂരിക്കാട്ടില്‍ വര്‍ഗ്ഗീസ് കോശി, ഇയാളുടെ സഹോദരന്‍ തോമസ് ഷാജി എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശികളുടെ ഫ്രണ്ട്‌സ് പൂക്കോട്ടുംപാടം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രവാചകനെയും പ്രവാചകന്റെ കുടുംബ ജീവിതത്തെയും അവഹേളിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. കേസില്‍ ആദ്യം അറസ്റ്റിലായ കാലായി ബേബി എന്നയാളാണ് ഈ ഗ്രൂപ്പില്‍ സന്ദേശം പ്രചരിപ്പിച്ചത്. സാധാരണ ചിത്രങ്ങളോ, പെട്ടെന്നുണ്ടാകുന്ന കമന്റുകളുടെ മാതൃകയിലോ ആയിരുന്നില്ല ആ സന്ദേശങ്ങള്‍. കുറച്ചധികം വാക്കുകളുള്ള വലിയ ലേഖനങ്ങളായിരുന്നു ഈ സന്ദേശങ്ങള്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യാപകമായി ലഘുലേഖ രൂപത്തില്‍ വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടെത്തിയത്.

അറസ്റ്റിലായ ബേബിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സന്ദേശം നിര്‍മ്മിച്ച വീട്ടിക്കുത്ത് സ്വദേശികളായ സഹോദരങ്ങളെ പൊലീസ് അറസറ്റ് ചെയ്തത്. അറസറ്റിലായതെല്ലാം ക്രിസ്ത്യന്‍ മതവിഭാഗക്കാരായതിനാല്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള മിഷനറിമാരുമായി ഇവര്‍ക്കുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരുടെ വീടുകളില്‍ പരിശോധന നടത്തി ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ലോക്ഡൗണ്‍ ആയതുകൊണ്ട് പ്രതികളെ റിമാന്റില്‍ വെക്കാതെ പറഞ്ഞയക്കുകയാണ് ചെയ്തത്. മെയ് നാലിന് കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേ സമയം കേസില്‍ അറസ്റ്റിലായ കാലായി ബേബി വര്‍ഷങ്ങള്‍ക്ക് മുമ്പും സമാന കേസില്‍ അന്വേഷണം നേരിട്ട് ശിക്ഷ അനുഭവിച്ച ആളാണ്. 1997ല്‍ ഇത്തരത്തില്‍ പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്ത ഇയാളെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രദേശത്തേക്ക് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്ന് വിതരണം ചെയ്ത ലഘുലേഖകളെല്ലാം പൊലീസ് പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിരുന്നു. പഴയ ലഘുലേഖയില്‍ പറയുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇപ്പോള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നത്. പൂക്കോട്ടുംപാടം സിഐ വിഷ്ണുവിനാണ് അന്വേഷണ ചുമതല. സൈബര്‍ സെല്ലിന്റെ കൂടി സഹായത്തോടെ കൂടുതല്‍ ഇടങ്ങളിലേക്ക് ഈ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നാ കാര്യവും അന്വേഷിക്കുന്നുണ്ട്.

Vinkmag ad

Read Previous

ചാരായം വാറ്റി പിടിയിലാകുന്ന ബിജെപിക്കാരുടെ എണ്ണം റെക്കോര്‍ഡിലേയ്ക്ക്; മേലുകാവില്‍ ബിജെപി നേതാവ് ചാരയവുമായി അറസ്റ്റില്‍

Read Next

രാജ്യത്ത് കൊവിഡ് ബാധിതര്‍ 21000 കടന്നു; മരണസംഖ്യയും കുതിക്കുന്നു; 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു

Leave a Reply

Most Popular