കോവിഡ് പ്രതിസന്ധിയെ നേരിടാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഊതിപ്പെരുപ്പിച്ചതാണെന്ന് തെളിയുന്നു. 20 ലക്ഷം കോടിയിൽ പകുതി ഇതിനകം പ്രഖ്യാപിച്ചതാണ്. ബാക്കി പകുതിയിൽ ഇതിനകം ധനമന്ത്രി വെളിപ്പെടുത്തിയ ഇളവുകൾ പലതും ബജറ്റ് വരവുകളിലെ നീക്കുപോക്കു മാത്രമാണ്.
ജി.ഡി.പിയുടെ പത്തു ശതമാനമാണ് പ്രഖ്യാപിക്കപ്പെട്ടത് എങ്കിലും അഞ്ചു ശതമാനത്തില്‍ താഴെ മാത്രം പണമേ ജനങ്ങളുടെ കൈകളിലെത്തൂ എന്നാണ് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട 20 ലക്ഷം കോടിയുടെ വലിയൊരു ഭാഗം, ഏകദേശം 8.04 ലക്ഷം കോടി രൂപ വിവിധ മാനദണ്ഡങ്ങളിലൂടെ റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ എത്തിച്ചിട്ടുണ്ട്. പണലഭ്യത (ലിക്വിഡിറ്റി) ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആയിരുന്നു ബാങ്കിന്റെ നടപടി.
ഇതിനൊപ്പം മാര്‍ച്ച് 27ന് ധനമന്ത്രി നിര്‍മല സീതാരാമന് 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതു കൂടി പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജില്‍ ഇനി ബാക്കിയുള്ളത് 10.26 ലക്ഷം കോടിയാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിൻ്റെ (ജി.ഡി.പി) അഞ്ചു ശതമാനം മാത്രമാണിത്. എന്നാൽ, ജി.ഡി.പിയുടെ 10 ശതമാനം വരുന്ന മെഗാ പാക്കേജാണ് ഒരുക്കുന്നതെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതാകട്ടെ, കോവിഡ് കാലത്ത് സർക്കാർ അധികമായി ചെലവാക്കുന്ന തുകയാണെന്നു പറയാനാവില്ല.
പാക്കേജിലെ ധനച്ചെലവ് (ഫിസ്കല്‍ ഔട്ട്ഗോ) ഈ വര്‍ഷം 4.2 ലക്ഷം കോടിക്കപ്പുറത്തേക്ക് പോകില്ലെന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ നല്കുന്ന സൂചന. രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് കടമെടുക്കല്‍ പരിധി ഉയര്‍ത്തിയത് ഇതിന്റെ സൂചനയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മെയ് ഒമ്പതിനാണ് വിപണിയില്‍ നിന്നുള്ള കടമെടുക്കല്‍ പരിധി 7.8 ലക്ഷം കോടിയില്‍ നിന്ന് 12 ലക്ഷം കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഇത് ഉയര്‍ത്തേണ്ടി വന്നത് എന്ന് ബോറോയിങ് കലണ്ടറിനെ കുറിച്ചുള്ള ആര്.ബി.ഐ പ്രസ്താവനയില്‍ പറയുന്നുണ്ട്.
മറ്റൊരര്‍ത്ഥത്തില്‍ ദരിദ്രര്‍, കുടിയേറ്റ തൊഴിലാളികള്‍, സമൂഹത്തിലെ താഴേത്തട്ടില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കായി ചെലവഴിക്കാനുള്ള പണം 4.2 ലക്ഷം കോടിയില്‍ ഒതുങ്ങും. മിക്ക ആഗോള ധനകാര്യ ഗവേഷണ സ്ഥാപനങ്ങളും ഈ വര്‍ഷത്തെ രാജ്യത്തിന്റെ സമ്പദ് വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെ ആയിരിക്കും എന്നാണ് പ്രവചിച്ചിട്ടുള്ളത്.
