പോലീസിന് ലഭിച്ചത് ആറ് മുന്നറിയിപ്പുകൾ; കപിൽ മിശ്രയുടെ പ്രസംഗത്തിന് ശേഷം തുടരെ മുന്നറിയിപ്പ് നൽകി

ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ ഡൽഹി പോലീസിന് ഇതേക്കുറിച്ച് ഇൻ്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചതായി വിവരം. കുറഞ്ഞത് ആറ് മുന്നറിയിപ്പുകളെങ്കിലും ഡൽഹി പോലീസിന്  ലഭിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സ്പെഷല്‍ ബ്രാഞ്ചിൻ്റെയും ഇന്റലിജന്‍സ്‌ വിഭാഗത്തിൻ്റെയും മുന്നറിയിപ്പുകളാണ് ലഭിച്ചത്.

കലാപത്തിന് കോപ്പുകൂട്ടി ബിജെപി നേതാവ് കപിൽ മിശ്ര മൗജ്പുരിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനു പിന്നാലെയാണ് വിവധ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയത്.  സംഘർഷ സാധ്യതയുണ്ടെന്നും സേനയെ വിവിധ ഇടങ്ങളാലായി വിന്യസിക്കണമെന്നും കാണിച്ച് തുടരെ മുന്നറിയിപ്പുകൾ നൽകിയതെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനു തൊട്ടുപിന്നാലെയാണ് വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷം പൊട്ടി പുറപ്പെട്ടത്. പിറ്റേ ദിവസം തന്നെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലേക്ക് കലാപം ആളിപ്പടർന്നു. കൃത്യസമയത്ത് പ്രവർത്തിക്കാൻ പൊലീസ് തയാറാകാത്തതാണ് കലാപം പടരാൻ കാരണമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പൊലീസിന്റെ അനാസ്ഥയെ ഇന്നലെ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും വിമർശിച്ചിരുന്നു.

ഡൽഹിയിലെ വടക്കു കിഴക്കൻ ജില്ലകളിലേക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സ്പെഷൽ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വയർലെസ് സന്ദേശങ്ങൾ അയച്ചിരുന്നതായാണ് വിവരം. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവർ വൈകിട്ട് മൂന്നിന് മൗജ്പുർ ചൗക്കിൽ എത്തിച്ചേരണമെന്ന് ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് കപിൽ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ആദ്യ മുന്നറിയിപ്പ് നൽകിയതെന്നാണ് വിവരം.

പിന്നീട് പ്രദേശത്ത് കല്ലേറ് തുടങ്ങിയപ്പോഴും കോളനികളിൽ ആൾക്കൂട്ടം ഒത്തുചേർന്നപ്പോഴും രണ്ടാമത്തെ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ മുന്നറിയിപ്പുകളൊന്നും വകവയ്ക്കാതെ ആക്രമങ്ങൾക്ക് മൂകസാക്ഷികളാവുകയാണ് പൊലീസ് ചെയ്തത്. എന്നാൽ മുന്നറിയിപ്പുകൾക്ക് പിന്നാലെ എല്ലാ മുന്നൊരുക്കങ്ങളും എടുത്തിരുന്നെന്നാണ് പേരു വ്യക്തമാക്കാൻ ആഗ്രഹിക്കാത്ത പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പറഞ്ഞത്.

കലാപം നടന്നുകാണാൻ ഒരു വിഭാഗം അധികാരികളും അവർ നിയന്ത്രിക്കുന്ന പോലീസും ആഗ്രഹിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിലൂടെ മനസിലാകുന്നത്. ഏകപക്ഷീയമായ ആക്രമണം നടത്താൻ ജയ് ശ്രീറാം മുഴക്കിവരുന്നവർക്ക് സൌകര്യമൊരുക്കുകയായിരുന്നു അധികൃതർ ചെയ്തത്.

Vinkmag ad

Read Previous

നാല് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആറിന് നിർദ്ദേശം; സർക്കാരും പോലീസും ഏറ്റുവാങ്ങിയത് കടുത്ത വിമർശനം

Read Next

ഡല്‍ഹിയില്‍ ഇന്നലെ രാത്രിയും അക്രമങ്ങള്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രണ്ട് യുവാക്കള്‍ക്ക് വെടിയേറ്റു

Leave a Reply

Most Popular