രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കായി മൂന്നാം ദിനവും തിരച്ചിൽ തുടരുന്നു. ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 27 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെയോടെയാണ് വീണ്ടും ആരംഭിച്ചത്.
ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 39 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ശനിയാഴ്ച പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാവിലെ വീണ്ടും തുടങ്ങി. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തനിവാരണ സേനയുടെ 200 അംഗങ്ങള്‍ തിരച്ചില്‍ നടത്തും.
ചവിട്ടിയാല്‍ അരയൊപ്പം വിഴുങ്ങുന്ന ചെളിയാണ് ഇവിടെ. ഇത് നീക്കം ചെയ്ത് അഗ്‌നിശമന സേനയുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണു തിരച്ചില്‍ നടക്കുന്നത്. 7 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തടസ്സമാകുമ്പോഴും പെട്ടിമുടിയുടെ മണ്ണിലമര്‍ന്നവരെ കണ്ടെത്താനുള്ള തിരച്ചില്‍ അതിസാഹസികമായി നടക്കുകയാണ്.
പ്രദേശത്ത് വീണ്ടും ചെറിയ മണ്ണിടിച്ചില്‍ ഉണ്ടാകുന്നതും കുത്തൊഴുക്കായി മലവെള്ളം എത്തിയതും വെല്ലുവിളി തീര്‍ക്കുന്നു. 3 ഏക്കര്‍ പ്രദേശത്താണ് കല്ലും മണ്ണും നിറഞ്ഞത്. ഇതില്‍ അവസാനഭാഗത്തായിരുന്നു പെട്ടിമുടി ലയങ്ങള്‍. മണ്ണുമാന്തി യന്ത്രങ്ങള്‍ക്കു സഞ്ചരിക്കാന്‍ ചതുപ്പുപ്രദേശങ്ങളില്‍ മരങ്ങള്‍ മുറിച്ചിട്ടു വഴിയൊരുക്കി. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹായത്തോടെ ലയങ്ങളുടെ സ്ഥാനം കണക്കാക്കി.
