കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസർകോട് ജില്ല പൂർണമായും അടച്ചിടും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കാസർകോട് ജില്ലയിൽ വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങുന്നതിനും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം,കണ്ണൂർ,പത്തനംതിട്ട ജില്ലകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.
കൊവിഡ് ബാധിത ജില്ലകളിൽ പൂര്‍ണ്ണ ലോക് ഡൗൺ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതേ സമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് ചേര്‍ന്ന ഉന്നത തല യോഗം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകൾ അടക്കും. ബിയർ പാർലറുകളും അടയ്ക്കും. ബെവ്കോ ഔട്‌ലെറ്റുകൾ അടക്കാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ നിലവിൽ ഉള്ളതിലധികം കടുത്ത നിയന്ത്രണങ്ങൾ ബവ്കോ ഔട്ട് ലെറ്റുകളിൽ കൊണ്ടുവരാനാണ് തീരുമാനിച്ചിട്ടുള്ളത്. അതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലും ഇനിയും വിവരങ്ങൾ അറിയേണ്ടതുണ്ട്.
