കോവിഡ് വ്യാപനം ഉണ്ടായ പൂജപ്പുര സെൻട്രൽ ജയിലിൽ ഗുരുതരമായ അവസ്ഥ. രോഗം ബാധിച്ച് വിചാരണ തടവുകാരൻ മരിച്ചു. കഴിഞ്ഞ ദിവസം 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച ജയിലിൽ വൈറസ് വ്യാപനം രൂക്ഷമാകുകയാണ്.
വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) ആണ് മരിച്ചത്. നാലു ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന മണികണ്ഠന് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. മണികണ്ഠന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തടവുകാരിലും ജയില്‍ ജീവനക്കാരിലും നടത്തിയ പരിശോധനയില്‍ 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മണികണ്ഠന്റെ മരണത്തോടെ സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് ഏഴ് കോവിഡ് മരണമാണ്. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), കോന്നി സ്വദേശി ഷഹറുബാന്‍ (54), ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
