പുതിയ വിദ്യാഭ്യാസ നയത്തിൽ ആർഎസ്എസ് സ്വാധീനം. ഇന്ത്യൻ സംസ്കാരത്തിന് ഊന്നൽ നൽകുന്നതിലാണ് സംഘപരിവാർ സ്വാധീനം വെളിവാകുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്നും തങ്ങള്‍ തൃപ്തരാണെന്നും ആര്‍ എസ് എസ് ഭാരവാഹികള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
വിദ്യാഭ്യാസ നയം പുതുക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ നിർദ്ദേശങ്ങളുമായി ആർഎസ്എസ് മുന്നിൽ തന്നെ ഉണ്ടായിരുന്നു. എല്ലാ ക്ലാസുകളിലും സംസ്കൃത പഠനം ഉറപ്പാക്കിയതെല്ലാം ഇത്തരം നിർദ്ദേശങ്ങളുടെ ഭാഗമായിട്ടാണെന്ന് വിലയിരുത്തപ്പെടുന്നു. അയവോടെയാണ് ഇവയെല്ലാം നടപ്പിലാക്കിയിരിക്കുന്നത്.
നയത്തില്‍ പ്രാചീന ഇന്ത്യന്‍ വിജ്ഞാനം ഉള്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നപ്പോള്‍ പുതിയ നയരേഖയില്‍ പറയുന്നത് സ്‌കൂള്‍ കരിക്കുലത്തില്‍ ഉചിതമായ ഇടങ്ങളില്‍ കൃത്യവും ശാസ്ത്രീയമായ രീതികളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്ന് ആണ്.
തങ്ങൾ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ 80 ശതമാനത്തില്‍ അധികം അംഗീകരിച്ചതായി അഖില ഭാരതീയ ഇതിഹാസ സങ്കലന്‍ യോജനയുടെ സംഗാതന്‍ മന്ത്രിയായ ബാല്‍മുകുന്ദ് പാണ്ഡേ പറഞ്ഞു. തൻ്റെ ഏതൊക്കെ നിര്‍ദ്ദേശങ്ങളാണ് അംഗീകരിക്കാത്തതെന്ന് പറയാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ പല നിര്‍ദ്ദേശങ്ങളും അംഗീകരിച്ചുവെന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ സംഗാതന്‍ മന്ത്രിയായ മഹേന്ദ്ര കപൂര്‍ പറഞ്ഞു. നയരേഖയുടെ പൂര്‍ണ രൂപം പുറത്ത് വന്നാലേ ഏതൊക്കെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് പറയാന്‍ ആകൂവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സമ്മതത്തോടെയാണ് ഹിന്ദിയെ കുറിച്ച് ത്രി-ഭാഷ ഫോര്‍മുലയില്‍ പറയാതിരുന്നതെന്ന് ആര്‍ എസ് എസ് വൃത്തങ്ങള്‍ പറയുന്നു. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ വേണം പഠിപ്പിക്കാന്‍ എന്നുള്ള നിര്‍ദ്ദേശത്തിലൂടെ ആര്‍ എസ് എസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി.
