പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പോലിസിന്റെ ഭാഗത്തെ അനാസ്ഥത സമ്മതിച്ച് വിനതാ ശിശുക്ഷേമ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍. സിപിഎമ്മിന്റെ ഔദ്യേഗിക ഫേയ്‌സ് ബുക്ക് പേജിലെ ലൈവിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യം തുറന്ന് പറഞ്ഞത്. പോസ്‌കോ കേസില്‍ പെട്ട അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും എന്നാല്‍ ഇയാള്‍ ഒളിവില്‍ പോയ വിവരമാണ് തനിക്ക് പിന്നീട് ലഭിച്ചതെന്നും ഷൈലജ ടീച്ചര്‍ വ്യക്തമാക്കി.
കണ്ണൂര്‍ കൂത്തുപറമ്പിലെ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പത്മരാജന്‍ എന്ന അധ്യാപകന്‍ കൂടിയായ ബി.ജെ.പി നേതാവിന്റെ പീഡനത്തിനിരയായത്. പോക്സോ കേസ് ആയിരുന്നിട്ട് കൂടി കുട്ടിയുടെ മൊഴിയെടുത്തിട്ട് പോലും പ്രതിയെ പിടികൂടാന്‍ പൊലിസ് തയ്യാറായില്ല. പകരം, കുട്ടിയെ നിരവധി തവണ ചോദ്യംചെയ്യലിനും മറ്റുമായി നിരവധി സ്ഥലങ്ങളിലേക്ക് പൊലിസ് വിളിച്ചുവരുത്തുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്.
ഷൈലജ ടീച്ചറുടെ ഫെയ്സ്ബുക്ക് ലൈവ് തുടങ്ങിയപ്പോള്‍ മുതല്‍ നൂറു കണക്കിന് പേരാണ് ഇതു സംബന്ധിച്ച് ചോദ്യമുന്നയിച്ചത്. സ്വന്തം മണ്ഡലത്തിലുണ്ടായ സംഭവത്തില്‍ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്തുകൊണ്ട് ഇടപെട്ടില്ലെന്നായിരുന്നു ചോദ്യം. നിരവധി പേര്‍ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഷൈലജ ടീച്ചറുടെ പ്രതികരണം ഇങ്ങനെ:
”വളരെ സങ്കടകരമായ കേസാണിത്. ഈ കുട്ടിയെ ഇങ്ങനെ പീഡിപ്പിച്ചെന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഡി.വൈ.എസ്.പി വേണുഗോപാലിനെ നേരിട്ടു വിളിച്ചിരുന്നു. അപ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി ഡി.വൈ.എസ്.പിയുടെ മുന്‍പിലുണ്ടായിരുന്നു. അപ്പോള്‍ ഡി.വൈ.എസ്.പി പറഞ്ഞത്, ടീച്ചറെ എന്റെ മുന്നിലുണ്ട് രക്ഷിതാക്കള്‍, കുറ്റവാളിയെ ഒരു കാരണവശാലും വെറുതെ വിടില്ല. അയാളെ അറസ്റ്റ് ചെയ്യും. ഏറ്റവും നല്ല രീതിയില്‍ കേസ് മുന്നോട്ടുകൊണ്ടുപോകും എന്നാണ്.
ആ കുഞ്ഞിനെ ദ്രോഹിച്ചയാളെ, അത് ആരായാലും ശരി, അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശിച്ചു. ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ കൊറോണ വൈറസിന്റെ പ്രതിരോധവുമായിട്ട് രാവിലെ മുതല്‍ രാത്രി വരെ വ്യത്യസ്തങ്ങളായിട്ടുള്ള യോഗങ്ങളും ഇടപെടലുകളുമായി അതില്‍ മുഴുകിയിരിക്കുകയാണ്. ഞാന്‍ കരുതി അറസ്റ്റ് ചെയ്തിട്ടുണ്ടാവുമെന്ന്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, അവര്‍ പറഞ്ഞത്, ഇദ്ദേഹം ഒളിവില്‍ പോയെന്നാണ്.
ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഞാന്‍ മിനിഞ്ഞാന്ന് ഡി.ജി.പിയെ വിളിച്ചു. അടിയന്തരമായി അറസ്റ്റ് ചെയ്തില്ലെങ്കില്‍ അതൊരു വലിയ പ്രശ്നമാണെന്ന് ഞാന്‍ പറഞ്ഞു. അതുകൊണ്ട് വളരെ പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണം. ഡി.ജി.പി പറഞ്ഞു: രണ്ടു ദിവസത്തിനുള്ളില്‍ കണ്ടെത്തുമെന്നാണ് പറഞ്ഞത്.
ഇന്ന് ഞാന്‍ ഡി.വൈ.എസ്.പിയെ വീണ്ടും വിളിച്ചു. ഇങ്ങനെ രണ്ടു ദിവസം, രണ്ടു ദിവസം എന്ന് പറഞ്ഞ് പോവാനൊന്നും പറ്റില്ല. പ്രതി എവിടെ ഒളിവിലായാലും അറസ്റ്റ് ചെയ്യണം. വെറുതെ കേരളാ പൊലിസിനെ അപമാനിക്കരുത്. അതിലെ പ്രതിയെ ഇത്രയും നാള്‍ പിടിക്കാന്‍ കാത്തുനിന്നതെന്ന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഞാന്‍ പറഞ്ഞു.”- ഷൈലജ ടീച്ചര്‍ പറഞ്ഞു.
