സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന് ജാമ്യം. തുടക്കം മുതല്‍ സര്‍ക്കാരും പോലീസും പ്രതിക്കനുകൂലമായ നീക്കങ്ങളാണ് നടത്തിയത്. ഒടുവില്‍ കേസ് ക്രൈംബ്രാഞ്ചിലെത്തിയതോടെ അട്ടിമറി പൂര്‍ണ്ണമായി. പോക്‌സോ കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ ബിജെപി നേതാവും അധ്യാപകനുമായി പത്മരാജനെതിരെ പോലീസ് കുറ്റപത്രവും സമര്‍പ്പിച്ചു.
പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
തലശേരി പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്‌സോ വകുപ്പ് ചുമത്തിയിരുന്നില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ഇതിലുള്ളത്. കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നോ എന്നത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. മാത്രവുമല്ല, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടന്നും കുറ്റപത്രത്തില്‍ പറയുന്നു.
കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതായാണ് വിവരം.
പാലത്തായി പോക്സോ കേസില്‍ മാര്‍ച്ച് 15നാണ് ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റിലായത്. ഇയാളുടെ ജാമ്യാപേക്ഷകള്‍ ഇതിനകം തലശ്ശേരി കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. പാനൂര്‍ പോലിസ് കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ഏപ്രില്‍ 22ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും കേസന്വേഷണത്തില്‍ യാതൊരു ചലനവുമുണ്ടായില്ല.
ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല, പെണ്‍കുട്ടിയെ മറ്റൊരാള്‍ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയില്‍ പറയുന്ന ആളെ പ്രതി ചേര്‍ത്തില്ല, പെണ്‍കുട്ടിയുടെയും ബന്ധുക്കളുടേയും മൊഴിയനുസരിച്ചുള്ള തെളിവുകള്‍ സമാഹരിച്ചില്ല, മുഖ്യപ്രതിയെ സഹായിച്ചവരെ കേസിലുള്‍പ്പെടുത്തിയില്ല, പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ചില്ല, മാനസിക നില പരിശോധനയുടെ പേരില്‍ പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിച്ച് പാനൂര്‍ പോലിസ് മാനസികമായി പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ക്രൈംബ്രാഞ്ചിനെതിരേയുള്ളത്. ജനുവരി 15നും ഫെബ്രുവരി രണ്ടിനും ഉള്‍പ്പെടെ മൂന്നുതവണ കുട്ടിയെ പത്മരാജന്‍ പീഡിപ്പിച്ചെന്നാണു കേസ്.
