പിപിഇ കിറ്റ് ഇല്ലെന്ന് പരാതിപറഞ്ഞ ഡോക്ടർക്ക് ആന്ധ്രപ്രദേശ് പോലീസിൻ്റെ ക്രൂരമർദ്ദനം. സംസ്ഥാന സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് ദലിത് ഡോക്ടറെ അർദ്ധ നഗനനാക്കി മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചത്.
ഡോ. സുധാകര്‍ എന്നയാള്‍ക്കാണ് വിശാഖപട്ടണത്ത് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. സുധാകറിന്‍റെ കൈ കെട്ടി മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. ഷര്‍ട്ട് ധരിക്കാത്ത ഡോ. സുധാകറിനെ പൊലീസ് കോണ്‍സ്റ്റബിള്‍ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെ പ്രചരിക്കുന്നുണ്ട്.
നര്‍സിപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ അനസ്തിയോളജിസ്റ്റ് ആയിരുന്നു സുധാകര്‍. സര്‍ക്കാര്‍ പിപിഇ കിറ്റുകളും എന്‍ 95 മാസ്ക്കുകളും ആവശ്യത്തിന് നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടതിന് ഈ മാസം ആദ്യമാണ് സുധാകറിനെ സസ്പെന്‍ഡ് ചെയ്തത്.
ഡോക്ടറെ മര്‍ദ്ദിച്ചത് വിവാദമായതോടെ കോണ്‍സ്റ്റബിളിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജഗന്‍ മോഹന്‍ സര്‍ക്കാരിനെതിരെ പാര്‍ട്ടികളായ തെലുങ്കുദേശം പാര്‍ട്ടിയും സിപിഐയും രംഗത്ത് വന്നു.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണത്തിന്‍റെ പ്രതിഫലനമാണ് ഈ സംഭവമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സര്‍ക്കാരിന്‍റെ കഴിവില്ലായ്മ ചൂണ്ടിക്കാട്ടിയ ഒരു ദലിത് ഡോക്ടറെ മനുഷത്വം ഇല്ലാതെയാണ് മര്‍ദ്ദിച്ചതെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് വര്‍ല രാമയ്യ പറഞ്ഞു.
