കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അസാധാരണ നടപടികളിലൂടെ രൂപീകരിച്ച പിഎം കെയര്‍ ഫണ്ടിനെതിരെ കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. ഫണ്ടിന്റെ സുതാര്യത സംബന്ധിച്ച് തുടക്കത്തില്‍ തന്നെ പ്രതിപക്ഷം സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.
പിഎം കെയര്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പിഎം കെയര്‍ ഫണ്ടിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി എന്നൊരു സംവിധാനം ഉണ്ടായിരിക്കേ എന്തിനാണ് മറ്റൊരു പ്രത്യേക ഫണ്ട് എന്നാണ് തുടക്കം മുതല്‍ക്കേ കോണ്‍ഗ്രസ് ചോദിക്കുന്നത്.
പിഎം കെയർ ഫണ്ടിനെ ഓഡിറ്റിന് വിധേയമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ. ഉത്തർപ്രദേശിലെ ബദോഹി ജില്ലാ മജിസ്‌ട്രേറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയ ഉത്തരവ് പ്രകാരം ഫണ്ടിനായി എല്ലാ ഉദ്യോഗസ്ഥരും 100 രൂപ വീതം നൽകണമെന്നാണ് നിർദേശം. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ ഗവൺമെന്റിനും ജനങ്ങൾക്കുമിടയിൽ സുതാര്യത നല്ലതാണെന്നും അതിനാൽ ഓഡിറ്റ് വേണമെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഉത്തരവിന്റെ ചിത്രവും ട്വീറ്റിനൊപ്പം പ്രിയങ്കാ ഗാന്ധി പങ്കുവച്ചിട്ടുണ്ട്.
