പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമം അനുസരിച്ചും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അതേ സമയം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഈ നടപടി വിവരാവകാശനിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാട്ടപ്പെടുന്നു.
നേരത്തേ വിവരാകാശം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വിവരാവകാശ കമ്മീഷനും ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശ പ്രകാരം വിവരാവകാശത്തിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷയിലെ കാര്യങ്ങള്‍ തള്ളിക്കളയാന്‍ പാടില്ലെന്ന് കൃത്യമായി പറയുന്നുണ്ട്. അവയുടെ ഘടനയില്‍ മാറ്റങ്ങള്‍ അനുവദനീയമാണെങ്കിലും ഏകപക്ഷീയമായി തള്ളിക്കളയാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് അധികാരമില്ല.
ഇത് അധികാരത്തിന്റെ ദുരുപയോഗമാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യയുടെ ആദ്യ വിവരാവകാശ കമ്മീഷണറായ വജാഹത്ത് ഹബീബുള്ള നേരത്തേ പറഞ്ഞിരുന്നു.
2020 ഏപ്രില്‍ മുതല്‍ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്ന ആകെ വിവരാവകാശ അപേക്ഷകളും അപ്പീലുകളുടെയും എണ്ണവും കേന്ദ്ര ദുരിതാശ്വാസ നിധിയുടെയും പിഎം കെയേഴ്സ് ഫണ്ടിന്റെ വിവരങ്ങളും ലഭിക്കാന്‍ റിട്ടയര്‍ഡ് ഉദ്യോസ്ഥനായ ലോകേഷ് ബത്ര നല്‍കിയ അപേക്ഷയാണ് തള്ളിയത്. അപേക്ഷയിലെ ചോദ്യങ്ങള്‍ക്കുള്ള വിവരങ്ങള്‍ പൊതുവില്‍ നല്‍കിയ ശേഷം ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ തള്ളിക്കളയുന്നുവെന്നാണ് മറുപടിയില്‍ പറഞ്ഞത്.
നിങ്ങള്‍ സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് വേണ്ടിയുള്ള വിവരങ്ങള്‍ ഈ ഓഫീസില്‍ നിന്നും ലഭ്യമാക്കാന്‍ കഴിയില്ല. ആവശ്യപ്പെട്ട വിവരങ്ങളുടെ ശേഖരണവും സമാഹരണവും ഓഫീസില വിഭവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തില്‍ തടസ്സങ്ങളുണ്ടാക്കും- എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി.
2010 ലെ കേരള ഹൈക്കോടതി സമാനമായ വിഷയത്തില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. വിവരാവകാശ രേഖയിലെ ആവശ്യങ്ങള്‍ അഥവാ ചോദ്യങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല. അതുപോലെ തന്നെ പൊതുമേഖല സ്ഥാപനങ്ങള്‍ അപേക്ഷകന് കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും ശിക്ഷാര്‍ഹമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു.
