മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 15 കുടിയേറ്റ തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.
ലോക്ഡൗണിനെ തുടർന്ന് മധ്യപ്രദേശിലേക്കു മടങ്ങുകയായിരുന്നു 21 അംഗ തൊഴിലാളി സംഘം. റെയിൽപാളം വഴി നടന്നുപോവുകയായിരുന്ന ഇവരിൽ ചിലർ പാളത്തിൽത്തന്നെ കിടന്നുറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. റെയിൽവേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പാളത്തിൽ ആളുകൾ കിടക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അത് ആളുകൾക്കിടയിലേക്കു കയറുകയായിരുന്നെന്നും പരുക്കേറ്റവരെ ഔറംഗാബാദ് സിവിൽ ആശുപത്രിയിലാക്കിയെന്നും റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.
പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികൾക്കായി ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം നാടുകളിലേക്കു നടന്നുപോകുന്നുണ്ട്. ഇത്തരം സംഘങ്ങൾ പലപ്പോഴും റെയിൽപാളങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്.
