പാലത്തായി ബാലികാ പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിക്കുന്നതിന് അവസരമൊരുങ്ങുന്നു. അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ തയ്യാറാകാത്തതാണ് പ്രതിയുടെ മോചനത്തിന് ഇടയാക്കുന്നത്. കേരള പോലീസിൻ്റെ കുറ്റകരമായ അനാസ്ഥക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
പാലത്തായി പീഡനക്കേസിൽ തുടക്കം മുതൽ പ്രതിയെ സംരക്ഷിക്കുന്ന നിലയിലാണ് പോലീസ് ഇടപെടൽ ഉണ്ടായത്. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ തന്നെ പോലീസ് തയ്യാറായത്. ശേഷമുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതി ഇല്ലെന്ന് മാത്രമല്ല കുറ്റകൃത്യത്തിൽ പങ്കാളിയായ മറ്റുപലരേയും രക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
കേരള പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുരുതര അനാസ്ഥക്കെതിരെ ഇന്ന് ഒരുകൂട്ടം സ്ത്രീകൾ നിരാഹാര സമരം നടത്തുകയാണ്. ആലത്തൂർ എംപി രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാദ്ധ്യമമേളയിലെ പ്രമുഖരാണ് നിരാഹാര സമരത്തിലൂടെ ഈ പ്രശ്നം വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാക്കുന്നത്.
അന്വേഷണ ഏജൻസിയായ ക്രൈം ബ്രാഞ്ച് 4 ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം പത്തു വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിന് ജാമ്യം ലഭിക്കും. ക്രൈം ബ്രാഞ്ചിനോട് സമയ ബന്ധിതമായി പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനും പദ്മരാജൻ മറ്റൊരാൾക്ക് കുട്ടിയെ കൈമാറിയെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിന്മേൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടു കൊണ്ടാണ് ഞായറാഴ്ച രാവിലെ രാവിലെ മണി 6 മണി മുതൽ വൈകുന്നേരം 6 മണി വരെ കേരളത്തിലെ രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക – മാധ്യമ രംഗങ്ങളിലെ പത്ത് വനിതകൾ അവർ ഉള്ളയിടങ്ങളിൽ നിരാഹാരമനുഷ്‌ടിക്കുന്നത്.
പത്തുവയസുകാരിയുടെ നീതിക്കായി ഈ കോവിഡ് കാലത്തെ പ്രതിഷേധം
നിരാഹാരമനുഷ്‌ടിക്കുന്നവർ
1) രമ്യ ഹരിദാസ് എം പി
2) ലതികാ സുഭാഷ് ( സംസ്ഥാന പ്രസിഡന്റ് മഹിളാ കോൺഗ്രസ്)
3) അംബിക (എഡിറ്റർ മറുവാക്ക്)
4) ശ്രീജ നെയ്യാറ്റിൻകര ( ആക്ടിവിസ്റ്റ്)
5) അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം)
6) അഡ്വ ഫാത്തിമ തഹ്‌ലിയ
( എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്)
7) കെ കെ റൈഹാനത്ത് ( സംസ്ഥാന പ്രസിഡന്റ് വിമൺ ഇന്ത്യ മൂവ്മെന്റ്)
8) ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്)
9) പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവർത്തക)
10) ലാലി പി എം ( സിനിമാ പ്രവർത്തക)
ഇവരെക്കൂടാതെയും അനേകംപേർ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരമിരിക്കാൻ തയ്യാറായി എത്തിയിട്ടുണ്ട്.
