പാലത്തായി പ്രതിക്കെതിരേ പോക്സോ ചുമത്തണം: ഡിജിപിക്ക് വനിതാ ലീഗ് കത്തയച്ചു

പാലത്തായി പീഡന കേസില്‍ ബിജെപി നേതാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തണമെന്ന് ഇന്ത്യന്‍ യൂണിയന്‍ വനിതാ ലീഗ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വനിതാ ലീഗ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തയച്ചു. കണ്ണൂര്‍ ജില്ലയിലെ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ദുര്‍ബല വകുപ്പുകള്‍ മൂലമാണ് ജാമ്യം ലഭിച്ചതെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. പി കെ നൂര്‍ബീനാ റഷീദ് കത്തില്‍ കുറ്റപ്പെടുത്തി.

പ്രതിക്കെതിരേ ജുവൈനല്‍ ജസ്റ്റിസ് നിയമത്തിലെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിനെ ന്യായീകരിച്ച് കൊണ്ടുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശത്തില്‍ അടിയന്തിര ശ്രദ്ധപതിയണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പോക്സോ നിയമത്തിലെ 5,6,7,9,10 വകുപ്പുകള്‍ ചുമത്താവുന്ന ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയായി എന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിനും പോലിസിനും നല്‍കിയ മൊഴികള്‍ വ്യക്തമാക്കുന്നുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടും മറ്റ് തെളിവുകളും ഇതിനെ സാധൂകരിക്കുന്നതാണ്.

പോക്സോ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒരു പ്രതിയെ ശിക്ഷിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്നിരിക്കെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയത് നീതീകരിക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പോക്സോ നിയമത്തിലെ ആവശ്യമായ വകുപ്പുകള്‍ ചുമത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കണമെന്നും ജാമ്യം റദ്ദാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഡിജിപിയോട് അഡ്വ. നൂര്‍ബിനാ റഷീദ് ആവശ്യപ്പെട്ടു.

Vinkmag ad

Read Previous

സ്വര്‍ണക്കടത്ത്: യുഎഇ കോണ്‍സല്‍ ഗൺമാനെ ചോദ്യം ചെയ്തു; ആശുപത്രിയിൽ വച്ചാണ് നടപടി

Read Next

മാസങ്ങളായി തമ്മിലടി: ഒടുവിൽ പരാതിയുമായി പശ്ചിമ ബംഗാൾ ഗവർണർ; പരാതി നൽകിയത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്

Leave a Reply

Most Popular