പാലത്തായി ബാലികാ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം. കേസ് അട്ടിമറിക്കാനും ബിജെപി നേതാവായ പ്രതിയെ രക്ഷിക്കാനും ഐജി ശ്രീജിത്ത് കൂട്ടുനിന്നെന്ന് വിമർശനം.
ശ്രീജിത്തിൻ്റെ പ്രതിഭാഗത്തോടുള്ള സമീപനം ചൂണ്ടിക്കാട്ടി പീഡനത്തിനരയായ പെണ്‍കുട്ടിയുടെ മാതാവ് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കും. ഐജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും കുടുംബം പരാതി നല്‍കും.
ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ ജാമ്യത്തില്‍ വിട്ടതിനു പിന്നാലെ കേസിനെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശങ്ങളുമായി ഐജി ശ്രീജിത്തിൻ്റെ ശബ്ദശകലം പ്രചരിച്ചിരുന്നു. ഇതിനെതിരെ നടപടിയുണ്ടാവണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
കേസുമായി ഒരു തരത്തിലും ബന്ധമില്ലാത്ത മൂന്നാം കക്ഷിയുമായി ഏകദേശം 20 മിനിറ്റോളം നേരം ഐജി ശ്രീജിത്ത് സംസാരിക്കുകയും വെളിപ്പെടുത്താന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സാക്ഷിയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന രീതിയില്‍ കേസിലെ ഒരു സാക്ഷിയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്.
