പാലത്തായി പീഡന കേസില്‍ ബിജെപി നേതാവ് പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യം ഹൈക്കോടതി തളളി. ജാമ്യം അനുവദിച്ച് പോസ്‌കോ കോടതിയുടെ ഉത്തരവ് ഹൈക്കേടതി ശരിവയ്ക്കുകയായിരുന്നു. ഇരയുടെ മാതാവ് നല്‍കിയ ഹര്‍ജിക്കെതിരെ ക്രൈംബ്രാഞ്ചും സര്‍ക്കാരും ശക്തമായ നിലപാടെടുത്തിരുന്നു. പോക്‌സോ കേസുകളില്‍ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാര്‍ഗനിര്‍ദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
പാലത്തായി പീഡന കേസിലെ പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. ഇരയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ വകുപ്പും ബലാല്‍സംഗക്കുറ്റവും ചുമത്താതെ ബി.ജെ.പി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ഉത്തരവിനെതിരെയായിരുന്നു കുട്ടിയുടെ മാതാവ് ഹരജി നല്‍കിയിരുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രം ചുമത്തി 90ാം ദിവസം ക്രൈംബ്രാഞ്ച് നല്‍കിയ ഭാഗിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 16നാണ് പ്രതിക്ക് പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്.
ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയതെന്ന് മാതാവ് ഹരജിയില്‍ ആരോപിച്ചിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തു എന്നതിന്റെ പേരില്‍ പ്രതിക്ക് ജാമ്യത്തിന് അവകാശം ലഭിക്കുന്നില്ല. പോക്‌സോ കുറവ് ചെയ്ത നല്‍കിയ കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യ ഹരജി പരിഗണിക്കാനുളള അധികാരം പോക്‌സോ കോടതിക്ക് നഷ്ടപ്പെട്ടു. പ്രതിയുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി ഒരാഴ്ചക്കകമാണ് പോക്‌സോ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നു ഇരയായ കുട്ടിയുടെ മാതാവ് വാദിച്ചു. എന്നാല്‍ കുട്ടിക്ക് കളവ് പറയുന്ന സ്വഭാവമുള്ളതായി കൗണ്‍സിംലിംഗ് നടത്തിയവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
