പാലത്തായി: ഐജി ശ്രീജിത്തിനെതിരെ ഇരയുടെ കുടുംബം; മാതാവ് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പാലത്തായി പീഡനകേസില്‍ ബിജെപി നേതാവിനെ രക്ഷിച്ച ക്രൈംബ്രാഞ്ച് ഐ ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം. കേസ് അട്ടിമറിക്കാനും ബിജെപി നേതാവായ പ്രതിയെ രക്ഷിക്കാനും ഐജി ശ്രീജിത്ത് കൂട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടി പീഡനത്തിനരയായ പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

ഐജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും കുടുംബം പരാതി നല്‍കും. ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ ജാമ്യത്തില്‍ വിട്ടതിനു പിന്നാലെ കേസിനെ പ്രതികൂലമായി ബാധിക്കുന്ന പരാമര്‍ശങ്ങളുമായി ഐജി രംഗത്തു വന്നതിനെതിരേ നടപടിയുണ്ടാവണമെന്നാണ് ആവശ്യം. പീഡനത്തിനിരയായ പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നതും ഇരയ്ക്കു ലഭിക്കേണ്ട നിയമ പരിരക്ഷയുടെ ലംഘനവുമാണ് ഐജിയുടെ വെളിപ്പെടുത്തല്‍.

കേസുമായി ഒരു തരത്തിലും ബന്ധമില്ലാത്ത മൂന്നാം കക്ഷിയുമായി ഏകദേശം 20 മിനിറ്റോളം നേരം ഐജി ശ്രീജിത്ത് സംസാരിക്കുകയും വെളിപ്പെടുത്താന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സാക്ഷിയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന രീതിയില്‍ കേസിലെ ഒരു സാക്ഷിയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്. ഇത് പോക്സോ ആക്റ്റിലെ 24 (5) വകുപ്പ് പ്രകാരം പാടില്ലാത്തതും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 223(എ) പ്രകാരം ശിക്ഷാര്‍ഹവുമാണ്. കേസന്വേഷണ ഘട്ടത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ മകളെ യൂനിഫോമിലെത്തിയ പോലിസ് ചോദ്യംചെയ്തിട്ടുണ്ടെന്നും മാതാവ് പറഞ്ഞു.

തലശ്ശേരി ഡിവൈഎസ് പി വേണുഗോപാലിന്റെ ഓഫിസിലേക്കും വിളിപ്പിച്ചിട്ടുണ്ട്. അന്നും യൂനിഫോം അണിഞ്ഞ പോലിസുകാര്‍ തന്നെയാണ് ചോദ്യം ചെയ്തത്. കുട്ടിയുടെ മാനസിക നില പരിശോധിക്കാനെന്ന പേരില്‍ കോഴിക്കോട്ട് കൊണ്ടുപോയപ്പോള്‍, പാനൂരില്‍ നിന്ന് സ്ഥലംമാറ്റപ്പെട്ട സിഐ ശ്രീജിത്ത് അവിടെ എത്തുകയും കുട്ടിയെ ചോദ്യംചെയ്യുകയുമുണ്ടായെന്നും ഇരയുടെ മാതാവ് പറഞ്ഞു. തങ്ങളുടെ ആവശ്യ പ്രകാരമാണ് പെണ്‍കുട്ടിയെ മാനസിക പരിശോധനയ്ക്കു വിധേയമാക്കിയതെന്ന് പ്രതിയുടെ അഭിഭാഷകന്‍ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു.

Vinkmag ad

Read Previous

സ്വര്‍ണക്കടത്ത്: യുഎഇ കോണ്‍സല്‍ ഗൺമാനെ ചോദ്യം ചെയ്തു; ആശുപത്രിയിൽ വച്ചാണ് നടപടി

Read Next

മാസങ്ങളായി തമ്മിലടി: ഒടുവിൽ പരാതിയുമായി പശ്ചിമ ബംഗാൾ ഗവർണർ; പരാതി നൽകിയത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്

Leave a Reply

Most Popular