പായിപ്പാടിന് പിന്നാലെ പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് പരാതി

ഇതര സംസ്ഥാന തൊഴിലാളികൾ പായിപ്പാട് നടത്തിയ രീതിയിലുള്ള പ്രതിഷേധം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പടരുന്നു. ഇപ്പോൾ പെരുമ്പാവൂരിലാണ് തൊഴിലാളികളുടെ പ്രതിഷേധം അരങ്ങേറുന്നത്. തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണ്.

ഭക്ഷണത്തെ ചൊല്ലിയാണ് പെരുമ്പാവൂരിലെ തൊഴിലാളികളുടെ പ്രതിഷേധം. ഉത്തരേന്ത്യൻ രീതിയിലുള്ള ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കമ്യൂണിറ്റി കിച്ചന്‍ വഴി വിതരണം ചെയ്ത ഭക്ഷണം തികഞ്ഞില്ലെന്നും ഇവർ ആരോപിക്കുന്നു. പെരുമ്പാവൂര്‍ ബംഗാള്‍ കോളനിയിലാണ് സംഭവം.

ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലന്നാണ് തൊഴിലാളികളുടെ പ്രധാന പരാതി. ചോറും പരിപ്പ് കറിയുമാണ് ഉച്ചയ്ക്ക് അധികൃതര്‍ എത്തിച്ചത്. എന്നാല്‍ ചോറ് വേണ്ട ചപ്പാത്തി മതിയെന്നും പരിപ്പ് കറിക്ക് ഗുണനിലവാരമില്ലെന്നുമാണ് തൊഴിലാളികളുടെ പരാതി. പോലീസും മറ്റ് അധികൃതരും തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

മൂവായിരത്തിലധികം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. കേരളീയ ഭക്ഷണം അവര്‍ക്ക് വേണ്ട എന്നറിയിച്ചതിനാല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ ആട്ടയും ചപ്പാത്തി മെഷീനും അവര്‍ക്ക് എത്തിച്ചിരുന്നുവെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു. എന്നാല്‍ എന്താണ് യഥാര്‍ഥ പ്രശ്‌നമെന്ന് വ്യക്തമല്ലെന്നും കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നാട്ടിലേക്കുപോകാന്‍ ബസ് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പായിപ്പാട്ട് അതിഥിത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്.  മതിയായ ഭക്ഷണം കിട്ടുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി പായിപ്പാട് കവലയിലെ ഉപരോധം അതിരുവിട്ടതോടെ പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

കേരളത്തില്‍ ഏറ്റവുമധികം അതിഥി തൊഴിലാളികള്‍ താമസിക്കുന്നത് പെരുമ്പാവൂരിലാണ്.

Vinkmag ad

Read Previous

ശവമഞ്ചം തോളിലേറ്റി ശ്മാശനത്തിലെത്തിച്ചു; ഹിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ച് മുസ്ലിം യുവാക്കള്‍; ഉത്തര്‍ പ്രദേശില്‍ നിന്നും നന്മയുള്ള വാര്‍ത്ത

Read Next

മഹാമാരിയ്ക്ക് മുന്നില്‍ ലോകം മുഴുവന്‍ പകച്ചു നില്‍ക്കുന്നു; 7,84,000 രോഗികള്‍, 38,000 മരണങ്ങള്‍, 350 കോടി ജനങ്ങള്‍ മരണഭീതിയോടെ വീടിനുള്ളിലും… 183 രാജ്യങ്ങളില്‍ രോഗബാധിതര്‍

Leave a Reply

Most Popular