രാജ്യം ആശങ്കയോടെ നോക്കിയിരുന്ന ആ വാർത്ത എത്തിയിരിക്കുകയാണ്. കൊറോണ വൈറസിൻ്റെ സമൂഹ വ്യാപനം ഉണ്ടായിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തർ പ്രദേശിലെ പിലിഭിത്തിയിലാണ് പുറത്ത് യാത്രനടത്താത്ത യുവാവിന് കൊറോണ സ്ഥിരീകരിച്ചത്.
പിലിഭിത്തിയിൽ നിന്നുള്ള 33കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാൾ യാത്ര നടത്തിയില്ലെങ്കിലും മറ്റുള്ള ആരിൽ നിന്നോ രോഗം പകർന്നതായാണ് വിലയിരുത്തൽ. രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് ഇത് കണക്കാക്കുന്നത്. എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്ന് പറയുന്നതിന്റെ തെളിവാണിത്.
യാത്ര നടത്തിയില്ലെങ്കിലും യാത്ര നടത്തിയവരിലൂടെ ഇയാളിൽ വൈറസ് പടരുകയായിരുന്നുവെന്ന് ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ ഡോക്ടർ സുധീർ സിംഗ് പറഞ്ഞു. ജനതാ കർഫ്യൂ ആഘോഷമാക്കി വിവാദത്തിലായ സ്ഥലം കൂടിയാണ് പിലിഭിത്ത്.
ജനത കർഫ്യൂവിനിടെ പിലിഭിത്തിൽ അഞ്ച് മണിക്ക് പാത്രം കൊട്ടാൻ ജില്ലാ മജിസ്‌ട്രേട്ടും എസ്.പിയും ചേർന്നാണ് നൂറ്കണക്കിന് ജനങ്ങളെ നയിച്ചത്. വലിയ വിമർശനമാണ് ഈ ഘോഷയാത്രയ്ക്ക് നേരെ ഉണ്ടായത്. ഈ സ്ഥലത്ത് തന്നെ സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
