ഹിന്ദുത്വ ആഭിമുഖ്യമുള്ള പാർട്ടികളും വ്യക്തികളും നടത്തുന്ന കൊലവിളികൾ സ്വാഭാവികമെന്ന നിലയിൽ കരുതുകയും അവ എത്രക്രൂരമായാലും, ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നതായാലും നിയമനടപടികൾ സ്വീകരിക്കാതിരിക്കുന്നതും രാജ്യത്ത് ഇപ്പോൾ സാധാരണ സംഭവമാണ്.
ഇത്തരത്തിൽ അവസാനത്തെ പ്രസംഗമാണ് കർണ്ണാടകയിലെ ബല്ലാരിയിൽ ശ്രീരാമസേന നേതാവായ സഞ്ജീവ് മറാദി നടത്തിയിരിക്കുന്നത്. ബെല്ലാരിയില്‍ ശ്രീരാമസേന പരിപാടിക്കിടെയായിരുന്നു ഇയാളുടെ കൊലവിളി. പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച് വിദ്യാർത്ഥിനിയെ കൊല്ലുന്നവർക്ക് സമ്മാനം പ്രഖ്യാപിക്കുകയാണ് സഞ്ജീവ് ചെയ്തത്.
അസദുദ്ദീന്‍ ഒവൈസിയുടെ സിഎഎ വിരുദ്ധ പരിപാടിക്കിടെയാണ് അമൂല്യ ലിയോൺ എന്ന വിദ്യാർത്ഥി അപ്രതീക്ഷിതമായി സ്റ്റേജിൽ നിന്നും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചത്. പിന്നീട് അവർ ഹിന്ദുസ്ഥാൻ സിന്ദാബാദും വിളിച്ചു. തുടർന്ന് അവരുടെ സംസാരം തടസ്സപ്പെടുത്തുകയാണ് ഉണ്ടായത്. ഈ രണ്ട് മുദ്രാവാക്യങ്ങളിലൂടെ അമൂല്യ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് ആർക്കും വ്യക്തത ലഭിച്ചതുമില്ല.
ഇത്തരത്തിൽ മുദ്രാവാക്യം മുഴക്കിയ അമൂല്യ ലിയോണയെ കൊല്ലുന്നവര്‍ക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയാണ് ശ്രീരാമസേന നേതാവായ സഞ്ജാവ് ചെയ്തത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം ക്യാന്‍സര്‍ പോലെ പടര്‍ന്നുപിടിക്കുകയാണെന്നും ഇത്തരക്കാരെ കൊല്ലണമെന്നും അദ്ദേഹം തൻ്റെ പ്രകോപനപരമായ പ്രസംഗത്തില്‍ പറഞ്ഞു. പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച പെണ്‍കുട്ടിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സഞ്ജീവ് പറഞ്ഞു.
അമൂല്യയുടെ വീടിന് നേരെ അക്രമം നടന്നതിന് പിന്നാലെയാണ് കൊലവിളി. വീട് ആക്രമിച്ച സംഘം, പെണ്‍കുട്ടിയുടെ അച്ഛനെ കൊണ്ട് നിര്‍ബന്ധിച്ച് ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ചിരുന്നു. പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച അമൂല്യയെ അതിന് ശേഷം രാജ്യ ദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ദിവസങ്ങൾക്ക് മുമ്പുള്ള തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്ക് സിന്ദാബാദ് വിളിച്ച് അവർ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ സിന്ദാബാദ് വിളിക്കുന്നതിലൂടെ തൻ്റെ രാജ്യസ്നേഹം കുറയില്ലെന്നും താൻ ജീവിക്കുന്ന ഇന്ത്യയിലാണെന്നും ഇന്ത്യ മുന്നേറുന്നതുപോലെ അയൽ രാജ്യങ്ങളും മുന്നേറണമെന്നതാണ് താൻ സ്വപ്നം കാണുന്നതെന്നുമുള്ള തരത്തിലാണ് അമൂല്യ തൻ്റെ മാതൃഭാഷയിലുള്ള പോസ്റ്റിൽ വ്യക്തമാക്കുന്നത്.
താൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ വ്യക്തമാക്കാൻ അവസരം ലഭിക്കാത്ത അമൂല്യ രാജ്യദ്രോഹം ചുമത്തപ്പെട്ടി ജയിലിലൽ കഴിയുകയുകയാണ്. എന്നാൽ അമൂല്യയുടെ വീട് ആക്രമിച്ചവരും അച്ഛനെ ഭീഷണിപ്പെടുത്തിയവരും അമൂല്യക്കെതിരെ കൊലവിളി നടത്തുന്നവരും സുഖമായി പുറത്ത് വിലസുകയാണെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
