ഇന്ത്യ പാകിസ്താനുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കുന്നു. ഇതിൻ്റെ ഭാഗമായി ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ പാകിസ്താന് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
സമാനമായി ഇന്ത്യ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷനിലെ ജീവനക്കാരുടെ എണ്ണം സ്വമേധയാ പകുതിയാക്കും. ഒരാഴ്ചക്കം തീരുമാനം നടപ്പാക്കണം. ചാരവൃത്തി ആരോപിച്ച് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷനിലുള്ള രണ്ട് ഉദ്യോഗസ്ഥരെ പാക് സുരക്ഷാ ഏജൻസി പിടികൂടി മർദിച്ചിരുന്നു. കള്ളനോട്ട് കൈവശം വെച്ചുവെന്നും റോഡപകടക്കേസിൽ ഉൾപ്പെട്ടുവെന്നുമായിരുന്നു കുറ്റം.
ഇന്ത്യൻ നയതന്ത്ര കാര്യാലയ ജീവനക്കാർക്ക് മർദനം ഏൽക്കേണ്ടി വന്നതിനുള്ള ഇന്ത്യയുടെ തിരിച്ചടിയാണ് പുതിയ തീരുമാനം. ഡൽഹിയിലും ഇസ്ലാമാബാദിലുമുള്ള ഹൈകമീഷനുകളിൽ 110 ജീവനക്കാരുണ്ട്. പുതിയ നിർദേശ പ്രകാരം ഇത് 55 ആയി ചുരുങ്ങും.
