പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര ബംഗാളിലെ വടക്കൻ ദിനാജ്പൂര്‍ ജില്ലയിലെ തൻ്റെ വീടിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. റോഡരികിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു.
എന്നാല്‍ ഇദ്ദേഹത്തെ കൊലപ്പടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു. പട്ടികജാതി സംവരണമണ്ഡലമാണ് ഹെംതാദ്. ഇവിടെ സിപിഎം ടിക്കറ്റിലാണ് ദേബേന്ദ്രനാഥ് റോയ് മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.
രാവിലെ പ്രദേശവാസികളാണ് എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. എംഎല്‍എയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം അറിയിക്കാമെന്ന് പൊലീസ് പറഞ്ഞു.
ഇദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ പറഞ്ഞു. നേതാക്കളെ കൊലപ്പെടുത്തിയതുകൊണ്ട് ബിജെപി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും വാര്‍ഗിയ ട്വിറ്ററില്‍ കുറിച്ചു.
