പശ്ചിമബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ച് ഉംപുന്‍ ചുഴലിക്കാറ്റ്; അഞ്ച് പേര്‍ മരിച്ചു, അയ്യായിരത്തോളം വീടുകള്‍ തകര്‍ന്നു.

പശ്ചിമബംഗാളിലും ഒഡീഷയലും ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശംവിതച്ചു. ബംഗാളില്‍ മൂന്നുപേരും ഒഡിഷയില്‍ രണ്ടുപേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരം ദേഹത്തേക്ക് വീണാണ് കൊല്‍ക്കത്തയില്‍ സ്ത്രീ മരിച്ചത്. കൊല്‍ക്കത്തയില്‍ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. തെരുവുകളില്‍ വെള്ളക്കെട്ടുണ്ടായി. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം ഉച്ചയ്ക്കു രണ്ടരയോടെ ബംഗാളില്‍ പ്രവേശിച്ചിരുന്നു. ചുഴലിക്കാറ്റിന്റെ ഏറ്റവും കൂടിയ വേഗം കൊല്‍ക്കത്തയിലാണ് രേഖപ്പെടുത്തിയത്. വൈകിട്ട് 7.30 ന് മണിക്കൂറില്‍ 133 കി.മീ.വേഗത.ഹൗറയിലും ഹൂഗ്ലിയിലും 130 കി.മീ. വേഗതയില്‍ കാറ്റുവീശി.

കൊല്‍ക്കത്തയിലെ ചില പഴയ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെ താല്‍ക്കാലിക റസ്‌ക്യൂ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, ചിലര്‍ വീട് വിട്ടിറങ്ങാന്‍ വിസമ്മതിച്ചതായി കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ ഫിര്‍ഹദ് ഹക്കീം പറഞ്ഞു. 190 കിലോമീറ്റര്‍ വരെ വേഗം പ്രാപിക്കാന്‍ ശേഷിയുള്ള ചുഴലിക്കാറ്റാണ് ഉംപുന്‍. പശ്ചിമബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഒഡീഷയുടെയു ബംഗാളിന്റെയും തീരമേഖലയില്‍ നാശം വിതചച് കൊണ്ട് പ്രയാണം, സൗത്ത് 24 പര്‍ഗനസ് ജില്ലയിലെ മിനാഖന്‍ മേഖലയിലും ഹൗറ ജില്ലയിവും രണ്ടു സ്ത്രീകള്‍ മരം വീണ് മരിച്ചു. ബംഗാളിലും ഒഡീഷയിലും കനത്ത മഴയും കാറ്റുമാണ്.അയ്യായിരത്തോളം വീടുകള്‍ തകര്‍ന്നു. 6.58 ലക്ഷം പേരെയാണ് ബംഗാളിലും ഒഡീഷയിലുമായി ചുഴലിക്കാറ്റിന് മുമ്പ് ഒഴിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 ടീമുകള്‍ ഒഡീഷയില്‍ റോഡിലെ തടസ്സങ്ങള്‍ നീക്കി വരികയാണ്. ബംഗാളിലെ 10 യൂണിറ്റുകള്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്

ബുധനാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത്. ബുധനാഴ്ച രാവിലെയായപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗം അല്‍പം കുറഞ്ഞത് ആശ്വാസമാണെങ്കിലും തീവ്രതയില്‍ കുറവു വന്നിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നു.

ഒഡീഷയിലെ പുരി, ഖുര്‍ദ, ജഗത്സിങ്പുര്‍, കട്ടക്, കേന്ദ്രപ്പാറ, ജജ്പുര്‍, ഗന്‍ജം, ഭന്ദ്രക്, ബാലസോര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ മുതല്‍ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലും മഴ പെയ്യുന്നുണ്ട്. ഏതു സാഹചര്യത്തെ നേരിടാനുമായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. അഗ്‌നിരക്ഷാ സേനയും പൂര്‍ണസജ്ജരാണ്. നാവികസേനയുടെ ഡൈവര്‍മാര്‍ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറില്‍ തയാറാണ്. വിശാഖപട്ടണത്തും പാരദീപിലും ഗോലാപുരിലുമുള്ള ഡോപ്ലര്‍ വെതര്‍ റഡാര്‍ (ഡിഡബ്ല്യുആര്‍) ഉപയോഗിച്ച് ചുഴലിക്കാറ്റിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

1999ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റിനു ശേഷം വരുന്ന ഏറ്റവും മാരകമായ കാറ്റാണ് ഉംപൂണ്‍ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വ്യക്തമാക്കി.കൊല്‍ക്കത്ത നഗരം അതീവ ജാഗ്രതയിലാണ്. മേല്‍പ്പാലങ്ങള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങള്‍ ഇരു സംസ്ഥാനങ്ങളിലുമായുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.

കരതൊട്ടശേഷം കാറ്റിന്റെ വേഗം കുറയുമെങ്കിലും കനത്ത മഴ തുടരും.കഴിഞ്ഞ ദിവസങ്ങളില്‍ 265 കീമീ വേഗത്തില്‍ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറില്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ട്. അസം, മേഘാലയ ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ ഉച്ചയോടെ കാറ്റിന്റെ ശക്തി കുറയും. വെള്ളിയാഴ്ച്ചയോടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് നീങ്ങും. കേരളത്തിലും ഉംപുനിന്റെ പ്രഭാവം മൂലം നാളെവരെ മഴയും കാറ്റുമുണ്ടാകും. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്തോറും കേരളം അടക്കമുള്ള പടിഞ്ഞാറന്‍ തീരത്ത് മഴ കുറയും

Vinkmag ad

Read Previous

ഇന്ത്യയിലെ മുസ്ലീങ്ങള്‍ കൊറോണ വാഹകര്‍; പണിതെറിച്ചിട്ടും പാഠം പഠിക്കാതെ സംഘി അനുകൂലികള്‍

Read Next

കൊച്ചിയില്‍ രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി, ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

Leave a Reply

Most Popular