കോവിഡ് ഭിതി പരത്തി മുസ്ലീം സമുദായത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന സംഘപരിവാര ടീം കേരളത്തിലും സജീവം. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തിയ സംഘത്തെ ഇന്നലെ കോട്ടയത്ത് പോലീസ് അറസ്റ്റ് ചെയ്തു. മാതൃശാഖ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലുടെയാണ് ഒരു മുസ്ലീം പള്ളിയില്‍ കോവിഡ് ബാധിച്ചവര്‍ ഒളിച്ചിരിക്കുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.
തെക്കുംഗോപുരത്ത് നിസാമുദ്ദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവര്‍ ഒളിച്ചുതാമസിച്ചെന്നും ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അടക്കം 10 പേരാണ് അറസ്റ്റിലായത്. 10 പേരുടെയും ഫോണുകളും പിടിച്ചെടുത്തു. വേളൂര്‍ മാണിക്കുന്നം ചെമ്പോട് വീട്ടില്‍ ഹരീഷ് ബാബുവിന്റെ മകന്‍ സി എച്ച് ജിതിനാണ് (33) വ്യാജ പ്രചാരണക്കുറിപ്പ് സഹിതം വിഡിയോ പ്രചരിപ്പിച്ചതെന്ന് പോലിസ് കണ്ടെത്തി.
‘തബ്ലീഗ് കൊവിഡ് കോട്ടയത്തും… തെക്കുംഗോപുരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫിസിനു എതിര്‍വശമുള്ള പള്ളിയില്‍ ഒളിച്ചുതാമസിച്ച ഏഴുപേരെ പിടികൂടി.. അഗ്നിരക്ഷസേനയെത്തി അണുനശീകരണം നടത്തുന്നു..’ എന്ന കുറിപ്പോടെ ഇയാള്‍ ‘മാതൃശാഖ’ വാട്സ് ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.
ഗ്രൂപ്പില്‍നിന്ന് വിഡിയോ പ്രചരിപ്പിച്ച കൊല്ലാട് പ്ലാന്‍മൂട്ടില്‍ ജോസഫ് ജോര്‍ജ് (26), കല്ലുപുരയ്ക്കല്‍ അറുവക്കണ്ടത്തില്‍ സുനില്‍ ബാബു (42), മാണിക്കുന്നം പഞ്ഞിപ്പറമ്പില്‍ ജയന്‍ (42), വേളൂര്‍ കല്ലുപുരയ്ക്കല്‍ വലിയ മുപ്പതില്‍ചിറ നിഖില്‍ (35), തിരുവാതുക്കല്‍ വെളിയത്ത് അജോഷ് (36), വേളൂര്‍ പാണംപടി അശ്വതി ഭവന്‍ അനീഷ് (35), മാണിക്കുന്നം പുറക്കടമാരി വൈശാഖ് (23), പുന്നയ്ക്കല്‍മറ്റം ജിജോപ്പന്‍ (35), തെക്കുംഗോപുരം സാഗരയില്‍ ശ്രീജിത് (23) എന്നിവരെയും വെസ്റ്റ് പോലിസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച തെക്കുംഗോപുരത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തെ പള്ളിക്ക് മുന്നില്‍ അഗ്നിരക്ഷ സേന അണുനശീകരണം നടത്തുന്ന വിഡിയോയാണ് തെറ്റായ കുറിപ്പ് സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
