ഡൽഹിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ആസൂത്രിതമായി നടന്ന കലാപത്തിൽ ഇതുവരെ 38 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ക്രൂരമായ രക്തച്ചൊരിച്ചിലുണ്ടായ കലാപ സമയത്തും രാജ്യത്തിന് ആകെ അഭിമാനിക്കാവുന്ന സംഭവങ്ങളും വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്നിരുന്നു.
ക ലാപത്തിൻ്റെ വിഷവിത്തുകൾ ഭരണാധികരാകൾ തന്നെ വിതക്കുന്ന സമയത്തും സാഹോദര്യത്തിൻ്റെയും ജനാധിപത്യ ബോധത്തിൻ്റെയും ഉത്തമ മാതൃകയാകുകയായിരുന്നു ചാന്ദ്ബാഗിലെ രണ്ടാം നമ്പർ തെരുവ്. സമീപ പ്രദേശങ്ങളിലെല്ലാം മുഷ്യജീവനെതിരെ കൊലവിളി നടക്കുമ്പോൾ സ്ഥലത്തെ ദുർഗ്ഗാദേവി ക്ഷേത്രത്തിന് കാവൽ നിൽക്കുകയായിരുന്നു ചാന്ദ്ബാഗിലെ മുസ്ലീങ്ങളടക്കമുള്ള ജനം.
35 വർഷം പഴക്കമുള്ള ഈ ക്ഷേത്രം മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ടതിന് വളരെ അടുത്താണ് ഈ തെരുവ്. എന്നാൽ ഒരു കല്ലുപോലും ക്ഷേത്രത്തെ ലക്ഷ്യമാക്കി എത്താതിരിക്കാൻ മനുഷ്യച്ചങ്ങല തീർക്കുകയായിരുന്നു പ്രദേശത്തെ മുസ്ലീം വിശ്വാസികൾ ചെയ്തത്.
തെരുവിന്റെ പുറത്തുതന്നെ മസ്ജിദുമുണ്ട്. അക്രമികൾ അതും ലക്ഷ്യമിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നാൽ മുസ്ലീം ആരധനാലയങ്ങൾ തീവച്ച് നശിപ്പിച്ച സംഭവങ്ങൾ പരക്കെ ഉണ്ടായിട്ടുപോലും ഒരു ക്ഷേത്രവും നശിപ്പിക്കപ്പെട്ടില്ല. ദുർഗാ ക്ഷേത്രത്തിൻ്റെ പൂജാരിയായ ഒം പ്രകാശ് തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കലാപത്തിൻ്റെ എല്ലാ കെടുതികളും ഏറ്റുവാങ്ങിയ സമുദായത്തിൻ്റെ സംരക്ഷണയിൽ തിളങ്ങുന്നത് ദുർഗാ ക്ഷേത്രം മാത്രമല്ല രാജ്യത്ത് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതേതരത്വവും സാഹോദര്യവുമാണെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.
