തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ ഒടുവില്‍ മുഖ്യമന്ത്രി നിലപാട് മാറ്റി. മാവോയിസ്റ്റ് കേസില്‍ യുഎപിഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. കേസ് സംസ്ഥാന പോലീസില്‍ ഏല്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
കേസ് എന്‍.ഐ.എയില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍കേസില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചു തന്നെയായിരുന്നു കഴിഞ്ഞ ദിവസം വരെയും മുഖ്യമന്ത്രി.
ഇന്നലെ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എന്‍.ഐ.എക്ക് വിട്ടുകൊടുത്തത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. യു.എ.പിഎ ചുമത്തിയത് പുനഃപരിശോധനക്ക് മുമ്പ് തന്നെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചിരുന്നു. എന്‍.ഐ.എ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സര്‍ക്കാര്‍ തിരികെ വിളിക്കണമെന്നും യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് മുഖ്യമന്ത്രി അമിത് ഷാക്ക് കത്തയച്ചിരിക്കുന്നത്.
കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം ജനുവരി 21 നായിരുന്നുഅലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.
