പന്തീരങ്കാവ് യു.എ.പി.എ കേസ്; അലനും താഹയ്ക്കും ജാമ്യം

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ജയിലിലായിരുന്ന അലനും താഹയ്ക്കും എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.സി.പി.ഐ മാവോയിസ്റ്റ് സംഘടനയുമായി ഒരു തരത്തിലും ബന്ധം പുലര്‍ത്താന്‍ പാടില്ല എന്ന നിര്‍ദേശമാണ് കോടതിയില്‍ നിന്ന് ഉണ്ടായത്.

മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ജാമ്യമായി നില്‍ക്കണം. പാസ്‌കോര്‍ട്ട് സറണ്ടര്‍ ചെയ്യണം. ഒരു മാസത്തിലെ ആദ്യ ശനിയാഴ്ച സ്റ്റേഷനില്‍ ഹാജരായി ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശത്തില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയുടെ ബോണ്ട് സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.
അറസ്റ്റിലായ ശേഷം മൂന്ന് തവണ ഇരുവരും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലും എന്‍.ഐ.എ കോടതിയിലും ഹൈക്കോടതിയിലുമായിരുന്നു ജാമ്യത്തിനായി ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.

ഏപ്രില്‍ 27 ന് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അലനും താഹയും വീണ്ടും കൊച്ചി എന്‍.ഐ.എ കോടതിയില്‍ ജാമ്യത്തിനായി ശ്രമിച്ചത്. കഴിഞ്ഞ ദിവസം കേസില്‍ വിശദമായ വാദം കേട്ടിരുന്നു. അതിന് ശേഷമാണ് ഇന്ന് വിധിയുണ്ടായിരിക്കുന്നത്.

താഹയുടെ ശബ്ദപരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്നിരുന്നു. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. അത് താഹയുടെ ശബ്ദം തന്നെയാണോ എന്ന് തെളിയിക്കുന്നതിന് വേണ്ടിയുള്ള വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. ഇന്ന് അതില്‍ അന്തിമ വാദം കേട്ടശേഷമാണ് കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്.

തങ്ങള്‍ക്കെതിരായ കേസില്‍ തെളിവുകള്‍ ഇല്ലെന്നും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഇരുവരും ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തില്‍ തെളിവുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം.

Vinkmag ad

Read Previous

രാജ്യം കോവിഡ് ഭീതിയിൽ അമരുമ്പോൾ സ്കൂൾ തുറക്കാൻ ലക്ഷദ്വീപ്; ക്ലാസുകൾ ഈ മാസം 21 മുതല്‍

Read Next

കര്‍ണാകടയിലെ ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്നത് കഞ്ചാവ്

Leave a Reply

Most Popular