പാലത്തായിയില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ രക്ഷിക്കാന്‍ നീക്കം ഒത്തുകളിച്ച ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ സര്‍വീസില്‍ നിന്നു നീക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. പ്രതിയെ രക്ഷിക്കുന്നതിന് കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ ആസൂത്രിത ശ്രമം നടത്തിയതിന്റെ ശബ്ദരേഖ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രതിക്ക് സഹായകമായ വിവരങ്ങള്‍ ഫോണ്‍കോള്‍ വഴി കൈമാറിയെന്ന വിവരം പുറത്തുവന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഐജി ശ്രീജിത്ത് തയ്യാറായിട്ടില്ല.
നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥിതിയെയും അട്ടിമറിക്കാന്‍ ശ്രമിച്ച ക്രൈംബ്രാഞ്ച് ഐജിയുടെ നടപടിയില്‍ സര്‍ക്കാരും പോലിസ് മേധാവിയും പ്രതികരിക്കാത്തത് ആസൂത്രണത്തിന്റെ വ്യാപ്തിയാണ് വ്യക്തമാക്കുന്നത്. ഗുരുതരമായ കൃത്യവിലോപം നടത്തി ബാലികയെ പീഡിപ്പിച്ച പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെ കേവലം അന്വേഷണ ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തിയാല്‍ മാത്രം പോരാ.
പോലിസ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ കളങ്കപ്പെടുത്തിയ ശ്രീജിത്തിനെ സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്ത് തുടര്‍നടപടി സ്വീകരിക്കണം. ഇത് കേവലം ഒരു കേസിന്റെ മാത്രം പ്രശ്നമല്ല. ശ്രീജിത്തിന്റെ സര്‍വീസ് റെക്കോഡ് മുഴുവനും ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങളുടെയും ക്രമക്കേടിന്റെയും ഏടുകളാണ്. എന്നാല്‍ സര്‍ക്കാരുകളെയും മുന്നണികളെയും ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ചെപ്പടിവിദ്യയിലൂടെ ശ്രീജിത്ത് സര്‍വീസില്‍ തുടരുകയാണ്. നീതിന്യായ സംവിധാനത്തെ അട്ടിമറിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീജിത്തിനെ ഇനിയും അതിനുള്ള അവസരങ്ങള്‍ നല്‍കുന്നത് സര്‍ക്കാരുകള്‍ക്കു തന്നെ ഭീഷണിയായി മാറാനും ജനങ്ങള്‍ക്ക് നീതി നിഷേധിക്കാനും ഇടയാക്കുമെന്നും അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.
