തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തിൻ്റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിനും അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി. സുപ്രീം കോടതി നേരത്തെ പ്രഖ്യാപിച്ച ഇടക്കാല വിധിക്ക് കടക വിരുദ്ധമായ അന്തിമ വിധിയാണ് വന്നിരിക്കുന്നത്. രാജകുടുംബത്തിന് അനുകൂലമായ വിധി ആചാരങ്ങളെ പിൻപറ്റിയുള്ളതാണ്.
പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാടത്തിനൊടുവിലാണ് ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശതർക്കത്തിൽ രാജകുടുംബത്തിന് അനുകൂല വിധി വന്നിരിക്കുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കിയത്.
2014-ലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയുമായി താരത്മ്യം ചെയ്യുമ്പോൾ രാജകുടുംബത്തിന് അനുകൂലമായ രീതിയിൽ കേസ് മാറി മറിഞ്ഞതായാണ് വിധിയിൽ നിന്നും വ്യക്തമാവുന്നത്. ക്ഷേത്രത്തിൻ്റെ ഭരണസംവിധാനവും പൊതുസ്ഥിതിയും പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ രാജകുടുംബത്തിനെതിരെ രൂക്ഷവിമർശനമുണ്ടായിരുന്നു.
സിഎജി വിനോദ് റായിയും ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ പല അപാകതകളുമുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇത്രയും പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും ക്ഷേത്രഭരണത്തിൽ പങ്കാളിയാവാൻ സാധിച്ചത് രാജകുടുംബത്തിന് വലിയ വിജയമായിരിക്കും നൽകുക. രാജ്യത്തെ വിവിധ രാജകുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും ഈ വിധി നിർണായകമാവും.ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ആചാരത്തിൻ്റെ ഭാഗമാണെന്നും ആ ആചാരം തുടരുമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്.
ജസ്റ്റിസ് ആര്‍.എം.ലോധ, ജസ്റ്റിസ് എ.കെ.പട്നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസ് ആദ്യം പരിഗണിച്ചത്. വിചാരണയ്ക്കിടെ ഇരുവരും വിരമിച്ചതോടെ ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ ഇപ്പോൾ വിധി പറയുന്നത്.
