പത്തനംതിട്ടയിലെ കൊലപാതകം മുൻകൂട്ടി പദ്ധതി തയ്യാറാക്കി; മൃതദേഹം അഴുകുന്നതിനുള്ള എളുപ്പവഴിയും ചെയ്തു

പത്തനംതിട്ട കൊടുമണിൽ പത്താം ക്ലാസുകാര്‍ കൂട്ടുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്. കൊലപാതകം മാത്രമല്ല മൃതദേഹം ഒളിപ്പിക്കാന്‍ കാട്ടിയ കൗശലവും സിനിമാക്കഥകളെ വെല്ലുന്നതായി. കൂട്ടുകാരനോടുള്ള വൈരാഗ്യം ഒളിപ്പിച്ചുവെച്ച് സൗഹൃദം നടിച്ച് വീട്ടില്‍നിന്ന് അഖിലിനെ അങ്ങാടിക്കല്‍ സ്‌കൂളിന് സമീപമുള്ള കാടുകയറിയ പറമ്പിലെത്തിച്ചായിരുന്നു ക്രൂരത.

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. സുഹൃത്തുക്കളായ മൂവരും ചേർന്ന് മൊബൈൽ ഫോണിൽ ഗെയിം കളിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇങ്ങനെ കളിക്കുന്നതിനിടെ കളിയാക്കിയതിലുള്ള വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിദ്യാർഥികളിൽ നിന്നു ലഭിച്ച മൊഴി സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിനു പിന്നിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവർ സുഹൃത്തുക്കളായിരുന്നു. ഇവരുടെ കൊടുക്കൽ വാങ്ങൽ സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചീറ്റിങ്ങ് ഉണ്ടായി… എന്നിങ്ങനെയാണ് കുട്ടികളുടെ മൊഴിയെന്ന് പത്തനംതിട്ട എസ്പി കെ.ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞത്.

കൊലപാതകം നടത്തുക മാത്രമല്ല അത് പുറത്തറിയാതിരിക്കാനുള്ള മാർഗവും ഇവർ തേടിയിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖിൽ ബോധമറ്റ് വീണു. മരണം ഉറപ്പാക്കിയ ശേഷം മഴു കൊണ്ട് കഴുത്തിൽ വെട്ടി.  മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമാക്കഥ  വിശ്വസിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാർഥികൾ പറഞ്ഞതായി പൊലിസ് പറഞ്ഞു. പിന്നീട് ഒരു കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ട് സമീപത്തു നിന്നും മണ്ണുവാരിയിട്ടു.  കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും എസ്പി അറിയിച്ചു.

അഖിലും സുഹൃത്തുക്കളായി രണ്ടു പേരും അടുത്തുള്ള റബർ തോട്ടത്തിലേക്ക് പോകുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. സംശയകരമായി രണ്ടു പേർ നിൽക്കുന്നതു ദൂരെ നിന്ന നാട്ടുകാരിൽ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഇയാൾ നാട്ടുകാരെ കൂട്ടി സ്ഥലത്ത് എത്തി. ചോദ്യം ചെയ്തപ്പോഴാണ് നടന്ന കാര്യങ്ങള്‍ ഇവർ പറഞ്ഞത്.

അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് – മിനി ദമ്പതികളുടെ മകൻ എസ്.അഖിലിനെ ആണ് രണ്ടു സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയത്. ഒമ്പതാം ക്ലാസ് വരെ അഖിലിന്റെ ഒപ്പം പഠിച്ചിരുന്നവരാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.

 

Vinkmag ad

Read Previous

ചാരായം വാറ്റി പിടിയിലാകുന്ന ബിജെപിക്കാരുടെ എണ്ണം റെക്കോര്‍ഡിലേയ്ക്ക്; മേലുകാവില്‍ ബിജെപി നേതാവ് ചാരയവുമായി അറസ്റ്റില്‍

Read Next

രാജ്യത്ത് കൊവിഡ് ബാധിതര്‍ 21000 കടന്നു; മരണസംഖ്യയും കുതിക്കുന്നു; 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു

Leave a Reply

Most Popular