ജോലിയ്ക്ക് പോകാതെ തെണ്ടിതിരിഞ്ഞ് നടന്ന കൊച്ചുമകനോട് പണിക്ക്‌പോകാന്‍ ഉപദേശിച്ച വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നു. തൃശൂര്‍ ജില്ലയിലെ വടക്കേകാട്ടാണ് സംഭവം. തൊഴുകാട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റുക്കിയ (72) ആണ് മരിച്ചത്.
റുക്കിയയുടെ മകള്‍ ഫൗസിയയുടെ മകന്‍ സവാദ് (27) ആണ് പ്രതി. കൊലപാതകത്തിനുശേഷം കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി സവാദ് കീഴടങ്ങുകയായിരുന്നു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: സമീപത്ത് താമസിക്കുന്ന സഹോദരി സുഹറയുടെ വീട്ടില്‍നിന്ന് തിങ്കളാഴ്ച രാവിലെയാണ് റുക്കിയയും സവാദും സ്വന്തം വീട്ടിലേക്ക് എത്തിയത്. സവാദിനോട് പണിക്ക് പോകാന്‍ റുക്കിയ ആവശ്യപ്പെട്ടതോടെ ഇവര്‍ തമ്മില്‍ വഴക്കായി. ഇതിനിടയില്‍ സവാദ് റുക്കിയയെ ആക്രമിച്ചു.
സിമന്റ് ഭിത്തിയില്‍ ഇടിച്ച് തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പായപ്പോള്‍ വീട് പൂട്ടി കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി സവാദ് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയശേഷമാണ് മരണവിവരം സമീപവാസികള്‍ അറിയുന്നത്.
പലതരത്തിലുള്ള ലഹരിവസ്തുക്കള്‍ സവാദ് ഉപയോഗിച്ചിരുന്നതായും ഇടയ്ക്കിടെ വീട്ടില്‍ വഴക്കിട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. രണ്ടു വര്‍ഷത്തോളമായി സവാദ് സൗഹൃദങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയാണെന്ന് പ്രദേശത്തുള്ള സവാദിന്റെ കൂട്ടുകാര്‍ പറയുന്നു. പള്ളി സെക്രട്ടറിയെ ആക്രമിച്ച സംഭവത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ സവാദിന്റെ പേരില്‍ കേസുണ്ട്.
കൊല നടന്ന റുക്കിയയുടെ വീട്ടില്‍ സവാദിനെ തെളിവെടുപ്പിന് കൊണ്ടുവന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
