അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായിരിക്കുകയാണ്. മൂന്ന് ലക്ഷത്തിൽ അധികം പേർക്കാണ് രോഗ ബാധിതരായിരിക്കുന്നത്. ന്യൂയോർക്ക് സ്റ്റേറ്റിലാണ് കൊറോണ ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
വൈറസ് വ്യാപനത്തിൻ്റെ പ്രഹരം ഇപ്പോൾ മൃഗങ്ങളിലേക്കും എത്തിയിരിക്കുകയാണ്. മേഖലയിലെ മൃഗശാലയിലെ കടുവയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന കടുവയ്ക്കാണ് മനുഷ്യനിൽ നിന്ന് രോഗബാധയേറ്റത്.
നാദിയ എന്നു പേരുള്ള നാലുവയസുകാരി മലയൻ പെൺ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വരണ്ട ചുമ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധന നടത്തുകയായിരുന്നു. അതേസമയം മൃഗശാല അധികൃതരെ ആശങ്കയിലാക്കി മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കൻ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്. കടുവയിലേക്ക് രോഗം പകര്‍ന്നത് മൃഗശാല ജീവനക്കാരിൽ നിന്നാകാമെന്നാണ് നിഗമനം.
മാർച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകർച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്. അതേസമയം കടുവയിൽ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവർക്ക് അധികൃതർ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ചൈനയിലെ വളർത്ത് പൂച്ചകളിൽ രോഗം സ്ഥിരീകരിച്ചത് വാർത്തയായിരുന്നു.
