ന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത; കേരളത്തിൽ ശക്തമായ കാറ്റും മഴയും

തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിശക്ത ന്യൂനമര്‍ദമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റ് വടക്ക് ദിശയില്‍ സഞ്ചരിച്ച് ജൂണ്‍ മൂന്നോടെ ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം അറബിക്കടല്‍ അതിപ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം തുടരുകയാണ്.

കേരളത്തില്‍ നിന്ന് യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. ഇന്നും നാളെയും ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിപ്രക്ഷുബ്ധമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരങ്ങളില്‍ ചിലയിടങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 10 പേർക്ക് രോഗമുക്തി

Read Next

വംശീയതക്കെതിരായ പ്രതിഷേധം അമേരിക്കയിൽ ആളിക്കത്തുന്നു; വൈറ്റ് ഹൗസിലെ പ്രതിഷേധം ഭയന്ന് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി

Leave a Reply

Most Popular