ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ഇന്ത്യൻ സർക്കാർ അനുവദിച്ചു കൊടുക്കുന്നു; ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന റിപ്പോർട്ടുമായി അമേരിക്കൻ കമ്മീഷൻ

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്കൻ സർക്കാറിന് ഗുരുതരമായ റിപ്പോർട്ട് നൽകി അമേരിക്കൻ കമ്മീഷൻ. അന്താരാഷ്ട്ര തലത്തില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് നിരീക്ഷിക്കുന്ന യു.എസ്.സി.ഐ.ആര്‍.എഫ്(യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാണഷല്‍ റിലീജിയസ് ഫ്രീഡം) ആണ് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

2019ല്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം കുത്തനെ താഴോട്ട് പോയെന്നാണ് കമ്മീഷൻ വിലയിരുത്തുന്നത്. ഇതിന് ഉത്തരവാദികളായ ഇന്ത്യയുടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ശുപാർശയോടെയാണ് കമ്മീഷന്‍ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കമ്മീഷനെതിരെ മോദി സർക്കാർ പ്രതികരണം അറിയിച്ചിട്ടുണ്ട്. യു.എസ്.സി.ഐ.ആര്‍.എഫ് നിക്ഷിപ്ത താത്പര്യമുള്ള സംഘടനയാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

2004ന് ശേഷം ആദ്യമായാണ് ഇന്ത്യയെ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എസ്.സി.ഐ.ആര്‍.എഫ് ഉള്‍പ്പെടുത്തുന്നത്. ആകെ 14 രാജ്യങ്ങളാണ് അമേരിക്കന്‍ കമ്മീഷന്റെ പട്ടികയിലുള്ളത്. പാകിസ്താന്‍, ചൈന, ഉത്തരകൊറിയ, ബര്‍മ, ഇറാന്‍, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സിറിയ, താജികിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

യു.എസ്.സി.ഐ.ആര്‍.എഫിന്റെ 2020ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കെതിരെ വിവാദപരമായ പരാമര്‍ശങ്ങളുള്ളത്. ‘കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മതസ്വാതന്ത്ര്യം കുത്തനെ താഴേക്ക് പോയി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചുകൊടുത്തു. അക്രമികളെ ശിക്ഷയില്‍ നിന്നും രക്ഷിച്ചു. അക്രമങ്ങള്‍ക്ക് വഴിവെച്ചുകൊടുക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ തുടര്‍ന്നു’ എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് യു.എസ്.സി.ഐ.ആര്‍.എഫ് റിപ്പോര്‍ട്ടിലുള്ളതെന്ന് ഉപാധ്യക്ഷന്‍ നാദിന്‍ മേന്‍സ പറഞ്ഞു.

ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യു.എസ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ടുവെക്കുന്നു. ഇവരുടെ അമേരിക്കയിലെ ആസ്തികള്‍ കണ്ടുകെട്ടുകയും അമേരിക്കയിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് ശുപാര്‍ശ.

Vinkmag ad

Read Previous

ലോക്ക്ഡൗൺ ഫലംകാണുന്നെന്ന് കേന്ദ്രം; രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു

Read Next

പ്രവാസികളെ തിരികെ എത്തിക്കുന്നത് രണ്ട് ഘട്ടമായി; ആദ്യം എത്തുന്നത് താഴെപറയുന്ന രാജ്യങ്ങളിലുള്ളവർ

Leave a Reply

Most Popular