നേപ്പാൾ സർക്കാരും പാർലമെൻ്റും ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രാജ്യത്തിൻ്റെ ഭൂപടം നിർമ്മിച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാരിനതിരെ വിമർശനവുമായി ബിജെപി എംപി സുബ്രമണ്യൻ സ്വാമി രംഗത്ത്.
കേന്ദ്രത്തിന്‍റെ വിദേശ നയത്തിൽ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് സ്വാമിയുടെ വിമർശനം. ‘ഇന്ത്യൻ പ്രദേശം ചോദിക്കുന്നതിനെക്കുറിച്ച് നേപാളിന് എങ്ങിനെ ചിന്തിക്കാനാകും? ഇന്ത്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ മാത്രം എന്തായിരിക്കും അവരെ വേദനിപ്പിച്ചിട്ടുണ്ടാകുക? ഇത് നമ്മുടെ പരാജയമല്ലേ? വിദേശനയത്തിലും പുനഃരാലോചന ആവശ്യമാണ്’ -സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.
ഉത്തരാഖണ്ഡിൽ ഉൾപ്പെടുന്ന ലിപുലേഖ്, ലിംപിയാദുര, കാലാപാനി എന്നീ സ്ഥലങ്ങളാണ് നേപ്പാൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയത്. ഭൂപടത്തിന് നേപ്പാൾ പാർലമെന്‍റ് അംഗീകാരം നൽകുകയും ചെയ്തു. 1962ലെ ചൈനയുമായുള്ള യുദ്ധത്തിന് ശേഷം ഇന്ത്യൻ സൈന്യം തന്ത്രപ്രധാന കേന്ദ്രങ്ങളായി കരുതുന്ന സ്ഥലങ്ങളാണിവ.
