നിയമസഭ തെരഞ്ഞെടുപ്പിനോട് അടുക്കുന്ന പശ്ചിമ ബംഗാളിൽ ബിജെപി വൻ പാർട്ടിക്കകത്തുള്ള എതിരാളികളെ പുറത്താക്കുന്ന തിരക്കിലാണ്. സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകന്‍ ചന്ദ്രകുമാര്‍ ബോസിനെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റി.
സംസ്ഥാനത്ത് അപ്രസക്തനായ നേതാവാണ് ചന്ദ്രകുമാര്‍ ബോസ് എന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് ബിജെപി ഈ തീരുമാനം എടുത്തിരിക്കുന്നത്.
എന്നാല്‍ തന്നെ പുറത്താക്കാനിടയായ യഥാർത്ഥ കാരണം പുറത്ത് വിട്ടിരിക്കുകയാണ് ചന്ദ്രബോസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ ബിജെപി നേതാവാണ് ചന്ദ്രകുമാര്‍ ബോസ്. ഇതാണ് ഇദ്ദേഹത്തെ മാറ്റാന്‍ കാരണം. സിഎഎക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നിരന്തരം കത്തുകള്‍ അയച്ചിരുന്നു ബോസ്.
മുസ്ലിങ്ങളെ മാത്രം സിഎഎയില്‍ നിന്ന് മാറ്റിയത് ശരിയല്ലെന്ന് ബോസ് പല തവണ പറഞ്ഞിരുന്നു. വിവേചനം നേരിടുന്ന എല്ലാ മതക്കാര്‍ക്കും പൗരത്വം നല്‍കണമെന്നും മുസ്ലിങ്ങളെ മാത്രം മാറ്റി നിര്‍ത്തരുതെന്നുമാണ് ബോസിന്റെ അഭിപ്രായം. പാര്‍ട്ടി നിലപാടിനെതിരെ സംസാരിച്ചതാണ് തന്നെ പുറത്ത് നിര്‍ത്താന്‍ കാരണമെന്ന് ബോസ് പറഞ്ഞു.
ബോസ് ബിജെപിയില്‍ നിന്ന് രാജിവയ്ക്കുമെന്നാണ് സൂചന. എന്നാല്‍ അദ്ദേഹം പാര്‍ട്ടിയില്‍ തുടരുമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. തന്നോട് മുന്‍കൂട്ടി പറയാതെയാണ് പദവിയില്‍ നിന്ന് മാറ്റിയതെന്ന് ബോസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
