ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ ഏർപ്പെടുത്തിയ നിരോധനത്തിൽ കൂടുതൽ വ്യക്തതത വരുത്താൻ കേന്ദ്രസർക്കാർ ശ്രമം. സ്വകാര്യത പ്രശ്നങ്ങളും വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള പ്രശ്നങ്ങൾ ആരോപിച്ചാണ് 59 ചൈനീസ് ആപ്പുകൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്.
നിരോധനവുമായി ബന്ധപ്പെട്ട് കമ്പനികളുടെ ഭാഗം കേൾക്കാൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രാഥമിക നടപടികൾ ഒന്നും പൂർത്തിയാക്കിയിട്ടില്ലായിരുന്നു. ഇതിനായി കേന്ദ്രം പുതിയ സമിതിക്ക് രൂപം നൽകിയിരിക്കുകയാണ്. 48 മണിക്കൂറിനകം കമ്പനികൾ സമിതിക്ക് വിശദീകരണം കൈമാറണമെന്നാണ് നിർദ്ദേശം.
ബുധനാഴ്ചയായിരിക്കും സമിതിയുടെ ആദ്യ യോഗം. ഈ യോഗത്തിൽ ആപ്പുകളുടെ സുരക്ഷയെ കുറിച്ചുള്ള വിശദമായ പരിശോധനയുണ്ടാകും. ടിക് ടോക്, ബിഗോ ലൈവ്, ലൈക്കി തുടങ്ങിയ ആപ്പുകളെല്ലാം സർക്കാർ സംവിധാനങ്ങളോട് സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നിരോധിക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങളാണ് ഇപ്പോൾ കേന്ദ്രസർക്കാർ ചെയ്യുന്നത്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത ബിജെപി സർക്കാർ ആപ്പ് നിരോധനത്തിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.
