കൊറോണ സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലുള്ളവർ അത് ലംഘിച്ച് പുറത്തുപോകുന്നത് വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം രക്ഷിക്കാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ശ്രമത്തിൽ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
പലയിടങ്ങളിലും ക്വാറന്റൈനിലുള്ളവർ മുങ്ങുന്നതിന്റെയും ഇതുകാരണം മറ്റുള്ളവർ രോഗഭീതിയിലാകുന്നതിന്റെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദേശം. കോവിഡ് വ്യാപനം തടയുന്നതിനുളള നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിലുളള വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍.
സന്ദര്‍ശകരുടെ വരവ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയില്‍ വീടുകളുടെ മുന്‍പില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത്. ഇതിന് പുറമേ ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിരീക്ഷണത്തിലുളളവര്‍ നിയന്ത്രണം ലംഘിച്ച് പുറത്തുപോകുന്ന നിരവധി കേസുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്തുന്നത്.
ഇതോടെ നിരീക്ഷണത്തിലുളള വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്ന ഘട്ടത്തില്‍ തന്നെ അധികൃതര്‍ക്ക് വിവരം ലഭിക്കും. ഈ നിലയിലാണ് സംവിധാനം ഒരുക്കിയതെന്നും കടകംപളളി പറഞ്ഞു. ജില്ലയില്‍ 1576 പേര്‍ കൂടി നിരീക്ഷണത്തില്‍ കഴിയുന്നതായി മന്ത്രി അറിയിച്ചു.
