അര്‍ണബ് ഗോസ്വമിക്കെതിരെ കടുത്ത പരാമര്‍ശവുമായി ഡല്‍ഹി ഹൈക്കോടതി. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചാനല്‍ നല്‍കിയ വാര്‍ത്തകള്‍ക്കെതിരെ ശശിതരൂര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അര്‍ണബ് ഗോസ്വാമിക്കെതിരെ നിലപാട് സ്വീകരിച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ചാനല്‍ വഴി നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിച്ച് സമാന്തര കോടതി നടത്തി മാധ്യമവിചാരണ നടത്താന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. തെളിവുകളുടെ പവിത്രതയും ക്രിമിനല്‍ വിചാരണയും മാനിക്കപ്പെടണമെന്നും കോടതി അഭിപ്രായപ്പെട്ടു.
സുനന്ദ പുഷ്‌കര്‍ കേസുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അവസാനിപ്പിക്കണമെന്നും കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. 2017 ഡിസംബര്‍ ഒന്നിനാണ് ശശി തരൂര്‍ റിപ്പബ്ലിക് ടി.വിയുടെ പ്രോഗ്രാമിനെതിരെ ഹരജി സമര്‍പ്പിച്ചത്.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാര്‍ത്തകളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടായിരുന്നുവെന്നാണ് തരൂരിന്റെ പരാതി.
നേരത്തെ തിരുവനന്തപുരം സി.ജെ.എം കോടതിയിലും അര്‍ണബിനെതിരെ തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. 2017 ജൂണിലാണ് തരൂര്‍ പരാതി നല്‍കിയത്.ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിനെ 2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
