നയതന്ത്ര ബാഗേജിലൂടെയല്ല സ്വര്‍ണക്കടത്ത് നടന്നതെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവന.എന്നാൽ ഇതിനു മറുപടി നൽകിയിരിക്കുകയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.പിയുമായി പി. രാജീവ്.നയതന്ത്ര ബാഗേജിലൂടെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന പത്രക്കുറിപ്പ് എന്‍.ഐ.എ ഇറക്കിയിട്ടുണ്ടെന്ന് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു..തുടക്കം മുതല്‍ നയതന്ത്ര ബാഗേജല്ലെന്ന് ആവര്‍ത്തിച്ച് ആധികാരികമായി മന്ത്രി തന്നെ പറഞ്ഞത് ആരെ രക്ഷിക്കാനായിരുന്നു എന്നതാണ് പി രാജീവ് കേന്ദ്ര മന്ത്രിയോട് ചോദിക്കുന്നത് .NIA പത്ര കുറിപ്പ് വായിച്ചാൽ മന്ത്രിക്ക് വിശദമായി കാര്യങ്ങൾ മനസിലാകുമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു .ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം ചുവടെ .
“ഇനി വി.മുരളീധരന്‍ എന്ന കേന്ദ്ര വിദേശ സഹമന്ത്രി എന്തു പറയും? ആരും ഇതുവരെ കേള്‍ക്കാത്ത ഇംഗ്ലിഷ് വ്യാഖ്യാനത്തിലൂടെ കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ല എന്ന് തുടക്കം മുതല്‍ ആധികാരികമായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന മന്ത്രിക്ക് എന്‍ഐഎ തന്നെ മറുപടി കൊടുത്തു. ‘camouflaged’ എന്ന വാക്കില്‍ കിടന്നായിരുന്നു ഇതുവരെ ഉരുണ്ടു കൊണ്ടിരുന്നത്. അര മണിക്കൂര്‍ ചാനലില്‍ ഇതു സംബന്ധിച്ച് ഇന്നലെ ക്ലാസും എടുത്തു. അതു കൂടി കഴിഞ്ഞപ്പോള്‍ എന്‍ഐഎ പത്രക്കുറിപ്പില്‍ കൃത്യമായ വ്യക്തത വരുത്തി.
എന്‍ഐഎ പത്രക്കുറിപ്പ് സൈറ്റില്‍ നോക്കിയാല്‍ മന്ത്രിക്കും വായിക്കാം. ‘smuggling gold through diplomatic baggage addressed to the UAE consulate at Thiruvanathapuram’. ഇനി എന്തു ചെയ്യും? ‘through’ എന്നതിനേക്കാള്‍ ലളിതമായി ഇനി ഏതു വാക്ക് ഉപയോഗിക്കും! തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ അഡ്രസാലുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് എന്ന് ഇത്രയും ലളിതവും വ്യക്തവുമായി എന്‍ഐഎ പത്രക്കുറിപ്പ് ഇറക്കിയത് ആരെ ഉദ്ദേശിച്ചാണാവോ?
അപ്പോള്‍ ആരെയാണ് ഇനി യഥാര്‍ഥത്തില്‍ ചോദ്യം ചെയ്യേണ്ടത്? തുടക്കം മുതല്‍ നയതന്ത്ര ബാഗേജല്ലെന്ന് ആവര്‍ത്തിച്ച് ആധികാരികമായി മന്ത്രി തന്നെ പറഞ്ഞത് ആരെ രക്ഷിക്കാനായിരുന്നു. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് എന്‍ഐഎയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റംസും പറയുമ്പോഴും അറ്റാഷെക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്തിനു വേണ്ടി?
കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എന്‍ഐഎയും ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റംസും അന്വേഷിക്കുന്ന, രാജ്യദ്രോഹക്കുറ്റം യുഎപിഎ വഴി ചുമത്തിയ കേസിന്റെ അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തുകയല്ലേ സത്യഗ്രഹ സമരത്തിലൂടെ മന്ത്രി ചെയ്തത് ? അതുവഴി കൂട്ടുത്തരവാദിത്തം ലംഘിച്ച മുരളീധരനല്ലേ യഥാര്‍ഥത്തില്‍ രാജിവയ്‌ക്കേണ്ടത്?”
