ചെന്നൈ: നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്തു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെയ് വേലിയില്‍ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍വെച്ചാണ് ചോദ്യംചെയ്തത്.
എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയിയുടെ ‘ബിഗില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പ്രൊഡ്യൂസറായ ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടന്നു.
വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ബിഗില്‍ നിര്‍മിച്ചത് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നു. 180 കോടി ബജറ്റിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ഈ ചിത്രത്തിന്റെ ആദായ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചോദ്യംചെയ്യലിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തില്‍ വിജയ് വാങ്ങിയ പ്രതിഫലം സംബന്ധിച്ചും പരിശോധനകള്‍ നടക്കുന്നുണ്ട്.
വിജയിയെ ചോദ്യംചെയ്ത സാഹചര്യത്തില്‍ നിര്‍ത്തിവെച്ച മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് നാളെ പുനരാരംഭിക്കും.
